ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിചികിത്സ ക്യൂവിലാണ്
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. പ്രശ്നം പരിഹരിക്കാന്‍ ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്നാണ് ആവശ്യം. ഇരിങ്ങാലക്കുട നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലെയും വയോജനങ്ങളും കുട്ടികളുമടക്കം ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്. 2014ല്‍ താലൂക്കാശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അതനുസരിച്ചുള്ള ഒരു നിയമനവും ഇവിടെ നടത്തിയിട്ടില്ല. ജനറല്‍ ആശുപത്രിയില്‍ ഓരോ വിഭാഗത്തിലും ഒരു കണ്‍സള്‍ട്ടന്റ്, രണ്ട് ജൂണിയര്‍ കണ്‍സള്‍ട്ടന്റ് എന്നിങ്ങനെ വേണമെന്നിരിക്കെ പ്രധാന വിഭാഗങ്ങളിലെല്ലാം ഓരോ ഡോക്ടര്‍മാരാണ് നിലവിലുള്ളത്. ചില യൂണിറ്റില്‍ ഡോക്ടര്‍മാര്‍ തന്നെ ഇല്ലാത്ത അവസ്ഥയാണ്. ഇതുമൂലം ശസ്ത്രക്രിയാ ദിവസങ്ങളില്‍ ആ വിഭാഗം ഒപി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ആ ദിവസങ്ങളിലെ രോഗികള്‍ കൂടി തൊട്ടടുത്ത ദിവസങ്ങളില്‍ കാണാനെത്തുന്നതിനാല്‍ മണിക്കൂറുകളോളം വരിയില്‍ കാത്തുനില്‍ക്കേണ്ടിവരുന്നു. ഡോക്ടര്‍മാരുടെ എണ്ണം കുറവായതിനാല്‍ ജനറല്‍ ഒപിയില്‍ എല്ലാ ഡോക്ടര്‍മാരും മാറിമാറി ഇരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമെ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ സുഗമമാകുകയുള്ളൂവെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒപി ടിക്കറ്റെടുത്ത് തിരക്കുമൂലം അവിടെ കാണാനാകാതെ അത്യാഹിത വിഭാഗത്തില്‍ ഡോക്ടറെ കാണാനെത്തുന്നവരും ഏറെയാണ്. ഇത് അത്യാഹിത വിഭാഗം പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്. കണ്ണ്, ഇഎന്‍ടി, ഓര്‍ത്തോ വിഭാഗങ്ങളില്‍ രോഗികളുടെ പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ ഈ വിഭാഗം ഡോക്ടര്‍മാരെ കാണുന്നതിന് ആശുപത്രി രോഗികള്‍ക്ക് നിയന്ത്രണം വരുത്തിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണം കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റ് ജനറല്‍ ആശുപത്രികളെ പോലെ കൂടുതല്‍ ഡോക്ടര്‍മാരെ ഇരിങ്ങാലക്കുടയില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനും ആരോഗ്യവിഭാഗത്തിനും അധികൃതര്‍ കത്തുനല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ല.