പുല്ലൂര്‍ ഉരിയച്ചിറ അപകടവളവ് നിവരുന്നു
പുല്ലൂര്‍: പുല്ലൂര്‍ ഉരിയച്ചിറയിലെ അപകടവളവ് ഒഴിവാക്കി റോഡ് നേരെയാക്കാന്‍ പൊതുമരാമത്തുവകുപ്പ് പുതിയ പദ്ധതി സമര്‍പ്പിച്ചു. തിരക്കേറിയ പോട്ട-മൂന്നുപീടിക സംസ്ഥാന പാതയില്‍ ഇരിങ്ങാലക്കുട നഗരസഭാ അതിര്‍ത്തിയിലുള്ള ഉരിയച്ചിറയോട് ചേര്‍ന്നുള്ള അപകടവളവ് നേരെയാക്കാനാണ് 90 ലക്ഷം രൂപയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ പുല്ലൂര്‍ ആശുപത്രിക്ക് സമീപമുള്ള അപകടവളവിലെ കൈയേറ്റങ്ങള്‍ ഒഴിവാക്കി റോഡ് വീതി കൂട്ടിയപ്പോള്‍ ഉരിയച്ചിറ അപകടവളവ് പരിഗണിക്കാതിരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഉരിയച്ചിറ വരെയാണ് അന്ന് റോഡ് വീതി കൂട്ടിയത്. ഉരിയച്ചിറയിലെ അപകടവളവ് ഒഴിവാക്കുമെന്ന് നേരത്തെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. 2012 ലാണ് പോട്ട-മൂന്നുപീടിക സംസ്ഥാനപാതയില്‍ അപകടവളവ് ഒഴിവാക്കിക്കൊണ്ടുള്ള റോഡിനായി പിഡബ്ല്യുഡി സ്ഥലം അടയാളപ്പെടുത്തിയത്. എന്നാല്‍, ഉരിയച്ചിറയിലെ അപകടവളവ് ആരും ശ്രദ്ധയില്പ്പെടുത്തിയിരുന്നില്ലെന്നാണ് പൊതുമരാമത്തുവകുപ്പ് പറഞ്ഞത്. ഉരിയച്ചിറ വരെയുള്ള ഭാഗത്തെ കൈയേറ്റങ്ങള്‍ ഒഴിവാക്കിയാണ് രണ്ടുകോടിയോളം രൂപ ചെലവഴിച്ച് പൊതുമരാമത്തുവകുപ്പ് റോഡ് പുനര്‍നിര്‍മിച്ചത്. ചിറയ്ക്ക് സമീപം പുല്ല് വളര്‍ന്ന് കാടാകുന്നതോടെ എതിര്‍വശത്തുനിന്നുവരുന്ന വണ്ടികള്‍ കാണാതാകുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍. കുറേക്കാലം മുമ്പ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഈ ഭാഗം വൃത്തിയാക്കിയിരുന്നു. ചിറയുടെ വളവ് തീര്‍ത്ത് യാത്ര സുഗമമാക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാകാത്തതിനാല്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് നിവേദനം നല്കി. എന്നാല്‍, തുടര്‍പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായില്ല. ഇപ്പോള്‍ മന്ത്രി ആര്. ബിന്ദുവിന്റെ നിര്‍ദേശപ്രകാരമാണ് പിഡബ്ല്യുഡി പുതിയ പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ലഭ്യമായാല്‍ നിര്‍മാണം ആരംഭിക്കുമെന്ന് പൊതുമരാമത്തുവകുപ്പ് വ്യക്തമാക്കി.