ഇരിങ്ങാലക്കുടയില്‍ ഉന്നതവിദ്യാഭ്യാസത്തിന് കൂടുതല്‍ സൗകര്യമൊരുക്കണം-എം.പി. ജാക്സണ്
പുല്ലൂര്‍: കേരളത്തിന്റെ വിദ്യാഭ്യാസ തലസ്ഥാനമായ ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യാഭ്യാസത്തിനു കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിജയം നേടിയിട്ടുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഇരിങ്ങാലക്കുടയില്‍ അപര്യാപ്തമാണ്. കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം തേടി വിദ്യാര്‍ഥികള്‍ മറ്റു രാജ്യങ്ങളിലേക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്നത് ഇതുമൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ബ്ളോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, മണ്ഡലം ഭാരവാഹികളായ കെ.കെ. വിശ്വനാഥന്, ജോമി ജോണ്‍, ബൈജു മുക്കുളം, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവിയര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, ജിനി സതീശന്, നിത അര്ജുനന് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടിയ ആനന്ദപുരം സെന്റ് ജോസഫ്സ് സ്കൂള്‍, ശ്രീകൃഷ്ണ സ്കൂള്‍, എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടിയ ആരതി പ്രദീപ്, ദീപ്തി ശരത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.