പ്ലസ് വണ്‍, നഴ്സിംഗ് എന്നിവയില്‍ സംവരണം: മുഖ്യമന്ത്രിക്ക് ഇരിങ്ങാലക്കുട രൂപത പരാതി നല്കി
ഇരിങ്ങാലക്കുട: 2020 വര്‍ഷത്തിലെ പ്ലസ് വണ്‍, നഴ്സിംഗ്, മറ്റു പാരാമെഡിക്കല്‍ കോഴ്സുകള്‍ എന്നിവയുടെ പ്രവേശനം സംബന്ധിച്ച വിജ്ഞാപനങ്ങളും പ്രോസ്പെക്ടസും അപേക്ഷാ ഫോര്‍മാറ്റുകളും പ്രസിദ്ധീകരിച്ചപ്പോള്‍ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം ഉള്‍പ്പെടുത്താതിരുന്നതിനെതിരെ മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്നിവര്‍ക്കു ഇരിങ്ങാലക്കുട രൂപത പരാതി അയച്ചു. സാമ്പത്തിക സംവരണം കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടു 2020 ഫെബ്രുവരി രണ്ടിനു പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒബിസി സംവരണം അനുവദിച്ചിട്ടുള്ളതും ന്യൂനപക്ഷ പദവി ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളിലും ഇഡബ്ല്യുഎസ് സംവരണം അനുവദിക്കേണ്ടതാണ്. എന്നാല്‍ സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പും ആരോഗ്യ കുടുംബക്ഷേമവകുപ്പും ഇതിനായുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതു സംവരണേതര വിഭാഗങ്ങളോടുള്ള കടുത്ത നീതി നിഷേധവും ഇഡബ്ല്യുഎസ് സംവരണം അട്ടിമറിക്കാനുള്ള ശ്രമവുമാണോ എന്ന് ആശങ്കയുണ്ട്. അതിനാല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖകള്‍ പരിഷ്കരിച്ച് 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം കൂടി ഉള്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടുകൊണ്ടാണു കത്ത് അയച്ചിരിക്കുന്നത്.