എം.സി. ജോസഫ് അനുസ്മരണവും അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ജാഗ്രതാ സംഗമം നടന്നു
ഇരിങ്ങാലക്കുട: ജന സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ യുക്തിചിന്തയ്ക്ക് അതിയായ പ്രാധാന്യമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. 41 വര്‍ഷം മുമ്പ് നമ്മെ വിട്ടു പിരിഞ്ഞ യുക്തിവാദി എം.സി. ജോസഫ് യുക്തിയിലധിഷ്ഠിതമായ ചിന്താവിപ്ലവത്തിന് കേരളത്തില്‍ തിരികൊളുത്തിയവരില്‍ പ്രമുഖനായിരുന്നു. വ്യക്തിശുദ്ധിയിലൂന്നി പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച കര്മ്മധീരന് എന്ന നിലയിലാണ് അദ്ദേഹം വ്യതിരിക്തനായിരുന്നത്. എങ്ങനെയും പണ മുണ്ടാക്കാനുള്ള ആര്‍ത്തിയാണ് വിപണി മൂല്യങ്ങളുടെ കാതല്‍. ഏറെ അപകടകരമായ ഈ മൂല്യബോധം ശക്തിയാര്‍ജ്ജിക്കുന്നതു കൊണ്ടാണ് ധനാഗമനത്തിനും ഐശ്വര്യാഭിവൃദ്ധിക്കു വേണ്ടി നരഹത്യപോലുള്ള ആഭിചാരങ്ങളിലേക്ക് പോലും ചിലര്‍ തുനിഞ്ഞിറങ്ങുന്നത്. ശക്തമായ സാംസ്ക്കാരിക പ്രതിരോധം മാത്രമാണ് ഇതിനെ തടുക്കാനുള്ള പോംവഴിയെന്ന് മന്ത്രി തുടര്‍ന്ന് പറഞ്ഞു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച യുക്തിവാദി എം.സി.ജോസഫ് അനുസ്മരണവും അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ജാഗ്രതാ സംഗമവും ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡോ. കെ.പി. ജോര്‍ജ് എം.സി. ജോസഫിനെ അനുസ്മരിച്ച് സംസാരിച്ചു. അന്ധവിശ്വാസങ്ങളും ആധുനിക കേരളവും എന്ന വിഷയം എം.ജെ. ശ്രീചിത്രന് അവതരിപ്പിച്ചു. പി.കെ. ഭരതന്, രേണു രാമനാഥ് എന്നിവര്‍ സംസാരിച്ചു. കെ.ജി. മോഹനന് സ്വാഗതവും ഡോ. കെ. രാജേന്ദ്രന് നന്ദിയും പറഞ്ഞു.