തൃപ്പുത്തരി, മുക്കുടി ആഘോഷം: കലവറ നിറയ്ക്കല്‍ നടന്നു

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ മുന്നോടിയായി കലവറ നിറയ്ക്കല്‍ നടന്നു.
ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് നിലവിളക്ക് കൊളുത്തി. തുടര്‍ന്ന് ഭക്തജനങ്ങള്‍ ഉണക്കലരി, പച്ചക്കറി, ചേന, ചേമ്പ്, നാളികേരം, പപ്പടം മുതലായവ സമര്‍പ്പിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങള്‍ നടക്കുക. തിങ്കളാഴ്ച രാവിലെ പോട്ട പ്രവൃത്തി കച്ചേരിയിലെ ചടങ്ങുകള്‍ക്കുശേഷം സദ്യ നടക്കും. ഇന്ന് തൃപ്പുത്തരിദിനത്തില് ഭക്തജനങ്ങള്‍ക്ക് സദ്യ നല്‍കും. വൈകീട്ട് കിഴക്കേ നടപ്പുരയില്‍ കുചേലവൃത്തം കഥകളി അരങ്ങേറും. നാളെ മുക്കുടി നിവേദ്യം നടക്കും. കുട്ടഞ്ചേരി അനൂപ് മൂസിന്റെ നേതൃത്വത്തിലാണ് മുക്കുടി മരുന്ന് തയ്യാറാക്കുക.