ക്രിസ്മസ് അനുരഞ്ജനത്തിന്റെ ഓര്‍മപ്പെടുത്തല്‍
മാര്‍ പോളി കണ്ണൂക്കാടന്‍, ഇരിങ്ങാലക്കുട മെത്രാന്
ഇരിങ്ങാലക്കുട: ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം എന്ന ക്രിസ്മസിന്റെ സദ്വാര്ത്ത സമസ്തജനങ്ങള്‍ക്കും സര്വദേശങ്ങള്ക്കുമുള്ള കാലാതീതമായ സന്ദേശമാണ്. വ്യക്തികളും സമൂഹങ്ങളും രാജ്യങ്ങളും നേടിയെടുക്കേണ്ട വിമോചനത്തിന്റെയും അനുരഞ്ജനത്തിന്റെയും ഓര്‍മപ്പെടുത്തലാണത്. സ്വാര്ഥതയില് നിന്നും വിദ്വേഷത്തില്‍ നിന്നും വിഭാഗീയതയില്‍ നിന്നുമുള്ള മോചനം. മനുഷ്യകുടുംബം മുഴുവന്‍ ഒന്നാണെന്ന തിരിച്ചറിവിലേക്കുള്ള ക്ഷമയുടെയും സ്നേഹത്തിന്റെയും വഴിയിലൂടെയുള്ള അനുരഞ്ജനം. വ്യക്തികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും സൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും പാലങ്ങള്‍ നിര്‍മിക്കുകയെന്നതാണ് നമ്മുടെ കാലത്തിന്റെ അനിവാര്യത. അപരനെ സഹോദരനായി കാണാനും അംഗീകരിക്കാനും കഴിയുന്ന സമൂഹത്തിലേ ശാശ്വതമായ സമാധാനം സംജാതമാകൂ. മനുഷ്യന് എവിടെ വേദനിക്കുന്നുവോ, എവിടെ മര്‍ദ്ദനം ഏല്ക്കുന്നുവോ, എവിടെ തടവിലാക്കപ്പെടുന്നുവോ, എവിടെ വിശക്കുന്നുവോ അവയ്ക്കെല്ലാം ഇരകളാകുന്നതും വേദനിക്കുന്നതും മനുഷ്യകുടുംബം മുഴുവനുമാണെന്ന ചിന്തയിലേയ്ക്കാണ് ക്രിസ്മസ് നമ്മെ മുഖം തിരിച്ചിരുത്തുന്നത്. നിഷേധിക്കപ്പെടുന്ന നീതിക്കും അവകാശങ്ങള്‍ക്കുംവേണ്ടിയുള്ള നിലവിളികള്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്നതു നാം കേള്‍ക്കുന്നുണ്ട്. നമ്മുടെ കൊച്ചു കേരളത്തിലും സമീപകാലത്തു നീതിനിഷേധിക്കപ്പെട്ട മനുഷ്യരുടെ മുറവിളി കടലിരമ്പംപോലെ ഉയരുന്നതു നാം കേട്ടു. ദൈവപുത്രനായ ക്രിസ്തുവിന്റെ മനുഷ്യാവതാരം ദൈവവും മനുഷ്യനും തമ്മിലുള്ള മുറിപ്പെട്ട സ്നേഹബന്ധത്തിന്റെ പുനര്‍നിര്‍മിതിയായിരുന്നു. പരസ്പരം സ്നേഹിക്കാനും ആദരിക്കാനും അര്‍ഹതപ്പെട്ട നീതിയും അവകാശങ്ങളും അംഗീകരിച്ചുകൊടുക്കാനും നാം തയാറാകുമ്പോഴേ ഭൂമിയില്‍ ശാശ്വതമായ ശാന്തിയും സമാധാനവും സ്വസ്ഥതയും യാഥാര്‍ഥ്യമാകൂ. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും സമൂഹനന്മയ്ക്കും സമൂഹ നിര്‍മിതിക്കും വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുന്നതും ഇന്നത്തെ പുതിയ പ്രവണതയാണ്. അവിടെയും ക്രിസ്തു പ്രദാനം ചെയ്യുന്ന സമാധാനവും സന്തോഷവും നേടുന്നതിനാവശ്യമായ തിരുത്തലും മാറ്റവും വ്യക്തികളിലും സമൂഹങ്ങളിലും ഉണ്ടാകണം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുരഞ്ജനത്തിന്റെയും ദിനങ്ങളാകട്ടെ പുതുവര്‍ഷം നമ്മുടെ മുമ്പില്‍ തുറന്നിടുന്നത്. എല്ലാവര്ക്കും ക്രിസ്മസ്, നവവത്സര ആശംസകള്‍.