പിണ്ടിപ്പെരുനാളിന്റെ ഓർമകൾ നെഞ്ചിലേറ്റി ക്രൈസ്റ്റിലെ കലാകാരന്മാരായിരുന്ന പൂര്‍വവിദ്യാര്‍ഥികള്‍ വീണ്ടും ഒത്തുചേര്‍ന്നു
ഓ, ഇരിങ്ങാലക്കുടക്കാരി ഗ്രാഫിക് വീഡിയോ പുറത്തിറങ്ങി
ഇരിങ്ങാലക്കുട: സംഗീത പ്രേമികളായ ക്രൈസ്റ്റ് കോളജിലെ ഏതാനും പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തു കൂടിയപ്പോള്‍ പിണ്ടിപ്പെരുനാളിന്റെ ഒര്മകളുണര്ത്തികൊണ്ട് ഗ്രാഫിക് വീഡിയോ പുറത്തിറങ്ങി. ഇരിങ്ങാലക്കുടക്കാരിയായ പെണ്‍കുട്ടിയുടെ പിണ്ടിപ്പരുന്നാള് വിശേഷങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഇരിങ്ങാലക്കുടക്കാരിയായ പെണ്‍കുട്ടിയും ബാന്റ് മേളക്കാരനായ ചെറുപ്പക്കാരനും പള്ളി പെരുന്നാള്‍ വേളയില്‍ വീണ്ടും കണ്ടുമുട്ടുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം. ബാന്റ് മേളം മാത്രം പശ്ചാത്തലമാക്കി ഒരുക്കിയ, ഈ പാട്ടില്‍ ഇരിങ്ങാലക്കുടയിലെ പിണ്ടി പെരുന്നാളിന്റെ തനതായ സൗന്ദര്യം വരച്ചു കാണിക്കുന്നതിലും ഗാനത്തിന്റെ ശില്പികള് ശ്രമിച്ചിട്ടുണ്ട്. പിണ്ടിപ്പരുനാളിന്റെ മുന്നോടിയായി പലഹാരങ്ങള്‍ ഉണ്ടാക്കുന്നത്തും, പെരുനാള് കച്ചവടവും, പുതിയ വസ്ത്രം എടുക്കലും, പിണ്ടിയില്‍ കൊടിക്കുത്തുന്നതും, വലിയങ്ങാടി അമ്പ് ഫെസ്റ്റും, തിരുനാള്‍ പ്രദക്ഷിണവും, നകാരമേളവും തുടങ്ങി എല്ലാം ആസ്വാദകരിലേക്ക് എത്തിക്കുന്നു. ഇരിങ്ങാലക്കുടക്കാര്‍ മാത്രമല്ല എല്ലാ പ്രദേശത്തെയും ബാന്റ് മേള ആസ്വാദകര്‍ അടക്കമുള്ളവര്‍ ഇതിനകം തന്നെ ഈ ഗാനം ഏറ്റെടുത്ത് കഴിഞ്ഞു. ഈ ഗാനത്തിന്റെ ഭാഗമായ എല്ലാവരും തന്നെ ഒരേ കോളജിലെ വിദ്യാര്‍ഥികളായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കോളജ് ചെയര്‍മാനായിരുന്ന, നിരവധി ശ്രദ്ധേയമായ ഗാനങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രവീണ്‍ എം. കുമാര്‍ എന്ന അധ്യാപകനാണ് ഈ ഗാനം രചിച്ച് ഗ്രാഫിക്കല്‍ മ്യൂസിക്കല്‍ ആല്‍ബമായി സംവിധാനം ചെയ്തിരിക്കുന്നത്. ആ കാലഘട്ടത്തില്‍ തന്നെ ക്രൈസ്റ്റ് കോളജില്‍ പഠിച്ച ഇരിങ്ങാലക്കുട ബെല്‍ സ്റ്റുഡിയോ ഉടമ പ്രശാന്ത് ശങ്കറാണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. മലയാള സിനിമയിലെ പ്രശസ്ത നിര്‍മ്മാതാവ് കൂടിയായ ഷിനോയ് മാത്യുവാണ് പിണ്ടി പെരുന്നാളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഷിനോയ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് കോളജ് ഫൈന്‍ ആര്‍ട്സ് സെക്രട്ടറികൂടിയായിരുന്നു. ഗായിക കവിത രഘുനന്ദനനും കോളജ് യൂണിയനിലെ ജോയിന്റ് സെക്രട്ടറിയും ആയിരുന്നു. കോണ്‍സെപ്റ്റ് ലാബും പീവീസ് മീഡിയയും ചേര്‍ന്നൊരുക്കുന്ന ഈ ഗ്രാഫിക്കല്‍ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ നിര്‍മ്മാതാക്കളായ ജീസ് ലാസറും ലിവിന് വര്‍ഗീസും ഗാനത്തിന്റെ സ്റ്റുഡിയോ വേര്‍ഷന്‍ ചിത്രീകരിച്ച ഫോട്ടോ ജോക്കി വിശ്വനാഥനും ക്രൈസ്റ്റ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളാണ്.