പൗരത്വഭേദഗതി നിയമം ബഹുസ്വരതയ്ക്കെതിരെയുള്ള ആക്രമണം: കെ.ടി. ജലീല്‍ എംഎല്‍എ
ഇരിങ്ങാലക്കുട: രാജ്യം മുറുകെപ്പിടിച്ച ബഹുസ്വരതയ്ക്കെതിരെയുള്ള ആക്രമണമാണ് പൗരത്വഭേദഗതി നിയമമെന്ന് കെ.ടി. ജലീല്‍ എംഎല്‍എ. ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കാട്ടൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന വിഭാവനംചെയ്യുന്ന തുല്യതയെ അട്ടിമറിക്കുന്ന ഇത്തരം നിയമങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കാനും രാഷ്ട്രീയനേട്ടം കൊയ്യാനും വേണ്ടിയാണ് ബിജെപി കൊണ്ടുവന്നിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍നിന്നു മതപീഢനമനുഭവിച്ച് വരുന്ന ഇസ്ലാം ഒഴികെയുള്ളവര്‍ക്ക് പൗരത്വംനല്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനം പൗരത്വത്തെ ഇദംപ്രഥമമായി രാജ്യത്ത് മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും കെ.ടി. ജലീല്‍ കുറ്റപ്പെടുത്തി. മന്ത്രി ഡോ.ആര്. ബിന്ദു അധ്യക്ഷതവഹിച്ചു. ഇ.ടി. ടൈസണ്‍ എംഎല്‍എ, കെ.യു. അരുണന്, ജില്ലാപഞ്ചായത്തംഗം ഷീല അജയ്ഘോഷ്, ഇബ്രാഹിം കാട്ടിലപീടികയില്‍, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, വൈസ് പ്രസിഡന്റ് വി.എം. കമറുദീന് എന്നിവര്‍ പ്രസംഗിച്ചു.