പാവകഥകളിയില് പുതിയ ഒരു തലമുറയെ അഭ്യസിപ്പിക്കുന്ന ശില്പശാല ഇന്നു സമാപിക്കും
ഇന്ന് കല്യാണസൗഗന്ധികം, ദക്ഷയാഗം, ബാലിവധം എന്നീ പാവനാടകങ്ങള് നടനകൈരളിയില് അരങ്ങേറും
ഇരിങ്ങാലക്കുട: അത്യന്തം അപൂര്വവും നിരവധി സവിശേഷതകള് ഉള്ക്കൊള്ളുന്നതുമായ കേരളീയ കലാരൂപമായ പാവകഥകളിയില് പുതിയ ഒരു തലമുറയെ അഭ്യസിപ്പിക്കുവാന് നടനകൈരളിയില് കഴിഞ്ഞ രണ്ടുമാസകാലമായി നടന്നു വരുന്ന ശില്പശാലയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 6.30ന് കല്യാണസൗഗന്ധികം, ദക്ഷയാഗം, ബാലിവധം എന്നീ പാവനാടകങ്ങള് ഇരിങ്ങാലക്കുട നടനകൈരളിയുടെ കൊട്ടിച്ചേതം അരങ്ങില് സംഘടിപ്പിക്കുന്നു.
നാലു പതിറ്റാണ്ടുകള്ക്കു മുമ്പാണ് വേണുജിയുടെ നേതൃത്വത്തില് ഇരിങ്ങാലക്കുട നടനകൈരളിയില് ഏതാണ്ട് നാമാവശേഷമായ പാവകഥകളിയെ പുനരുജ്ജീവിപ്പിക്കുന്നത്. ഭാരതീയ രംഗകലകളായ പാവകളിയുടെ പുനരുദ്ധാരകയായ കമലാദേവി ചതോപാധ്യായ ആണ് ഈ കലയെ സമുദ്ധരിക്കുവാന് വേണുജിക്ക് പ്രചോദനം നല്കിയത്. അന്നത്തെ പ്രയോക്താക്കളെല്ലാം എഴുപതു വയസിനു മേല് പ്രായം ചെന്നപ്പോളാണ് ഇപ്പോള് പുതിയ തലമുറയെ ഈ രംഗത്തേക്ക് ആനയിക്കുവാന് നടനകൈരളിയുടെ ഡയറക്ടര് കപില വേണു ഇപ്പോള് നേതൃത്വം നല്കുന്നത്.
പാലക്കാട് പരുത്തിപ്പുള്ളി ഗ്രാമത്തില് പതിനെട്ടാം നൂറ്റാണ്ടുകൂടിയാണ് ആന്ധ്രാപ്രദേശത്തു നിന്നും കുടിയേറിയ ആണ്ടിപണ്ടാര കലാകാരന്മാരാണ് ഈ കലാരൂപത്തിന് തുടക്കം കുറിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില് ചാമു പണ്ടാരത്തിന്റെ നേതൃത്വത്തിലാണ് പാവകഥകളിയുടെ അവസാനത്തെ സംഘം നിലനിന്നത്. നടനകൈരളിയില് കാലോചിതമായി പരിഷ്കരിച്ച പാവകഥകളി ഇതിനകം പല ദേശീയഅന്തര്ദേശീയ വേദികളിലും അവതരിപ്പിച്ചു അഭിനന്ദനം നേടിയിട്ടുണ്ട്.
കഥകളിയുടെ പാവകളിലൂടെയുള്ള ആവിഷ്കാരമായി ഈ കലാരൂപം കുട്ടികളുടെ കഥകളിയായും അറിയപ്പെട്ടിരുന്നു. ഭൂവന എന്ന സാംസ്കാരിക സംഘടനയാണ് ഈ ശില്പശാലക്ക് സഹായ സഹകരണം നല്കുന്നത്. പാവകഥകളിയുടെ മുതിര്ന്ന കലാകാരന്മാരായ കെ.വി. രാമകൃഷ്ണന്, കെ.സി. രാമകൃഷ്ണന്, കുന്നമ്പത്ത് ശ്രീനിവാസന്, കലാനിലയം രാമകൃഷ്ണന്, കലാനിലയം ഉണ്ണികൃഷ്ണന്, കലാനിലയം ഹരിദാസ് എന്നിവരാണ് പുതിയ തലമുറയെ പരിശീലിപ്പിക്കാന് നേതൃത്വം നല്കുന്നത്. കമലാദേവി ചതോപാധ്യായ്ക്കും, ചാമു പണ്ടാരത്തിനും സമര്പ്പിച്ചു കൊണ്ടാണ് യുവതലമുറയുടെ അരങ്ങേറ്റം കുറിക്കുന്നത്.