മനുഷ്യരുടെ ആത്മസത്തയാണ് മാതൃഭാഷ -എസ്. ജോസഫ്
ഇരിങ്ങാലക്കുട: ഏതൊരു മനുഷ്യന്റെയും ആത്മസത്തയാണ് മാതൃഭാഷയെന്നും ഒരു കാലത്തും അത് മാഞ്ഞു പോകില്ലയെന്നും കവി എസ്. ജോസഫ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മലയാള സമാജമായ തുടി മലയാളവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാല്യത്തിലേക്കുള്ള തിരിച്ചു പോകലാണ് കവിതയെന്നും ഭാഷയും സാഹിത്യവും മനുഷ്യര്‍ തമ്മിലുള്ള ഇഴയടുപ്പങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും എസ്. ജോസഫ് പറഞ്ഞു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. മലയാളവിഭാഗം അധ്യക്ഷ ഡോ. കെ.എ. ജെന്‍സി പ്രസംഗിച്ചു. മലയാളം ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എസ്. ജോസഫിന്റെ കുടപ്പന എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം നടത്തി. ബഷീര്‍ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബ്രോഷര്‍ നിര്‍മ്മാണ മത്സരത്തില്‍ വിജയികളായ മലയാളം രണ്ടാം വര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളായ അപര്‍ണരാജ്, കെ. അമൃത എന്നിവരെ അനുമോദിച്ചു.