സുരേഷ് ഗോപിയുടെ ചെമ്പ് പുറത്തായി; കേന്ദ്രബജറ്റില്‍ കേരളം അവഗണിക്കപ്പെട്ടതിന് മന്ത്രി സുരേഷ്ഗോപി മറുപടി പറയണം സിപിഐ

കേന്ദ്രബജറ്റില്‍ കേരളം അവഗണിക്കപ്പെട്ടതിനെതിരെ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം പ്രതിഷേധിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: കേന്ദ്രബജറ്റില്‍ കേരളം അവഗണിക്കപ്പെട്ടതിന് കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപി ഉള്‍പ്പടെയുള്ള കേന്ദ്ര മന്ത്രിമാര്‍ മറുപടി പറയണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് വലിയ ഗീര്‍വാണങ്ങള്‍ മുഴക്കിയ സുരേഷ് ഗോപി മതദൈവങ്ങളുടെ പേരില്‍ വോട്ട് തേടിയതാണ്. എന്നാല്‍ തീര്‍ത്ഥാടന ടൂറിസം പ്രഖ്യാപനത്തില്‍ പോലും കേരളം ഇടം പിടിച്ചില്ല.
ഗുരുവായൂരിനെയും, തൃപ്രയാറിനെയും, തൃശൂര്‍ പൂരത്തെയും മറന്നു. ഒന്നര മാസത്തിനുള്ളില്‍ സുരേഷ് ഗോപിയുടെ ചെമ്പ് പുറത്തായെന്നും പി. മണി പറഞ്ഞു നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചത് ആന്ധ്ര, ബീഹാര്‍, കോര്‍പ്പറേറ്റ് അഥവാ എബിസി ബജറ്റാണെന്നും ഇത് ഫെഡറലിസത്തിന് വിരുദ്ധമാണെന്നും പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മണ്ഡലം അസി: സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി. ബിജു സ്വാഗതവും സിപിഐ ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.