വിശ്വാസപൈതൃകഭൂമിക്ക് സാഫല്യമായി കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ഥാടനം
വിശ്വാസപ്രഖ്യാപനവുമായി യുവസഹസ്രങ്ങള്‍ പദയാത്രയില്‍ അണിനിരന്നു
കൊടുങ്ങല്ലൂര്‍: തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ ക്രൈസ്തവവിശ്വാസത്തിന്റെ പൈതൃകഭൂവില്‍ വിശ്വാസദീപ മുയര്‍ത്തി കൊടുങ്ങല്ലൂര്‍ മാര്ത്തോമാതീര്ഥാടനം. ക്രൈസ്തവവിശ്വാസത്തിന്റെ ഈറ്റില്ലമായ കൊടുങ്ങല്ലൂരിലേക്ക് ഇരിങ്ങാലക്കുട രൂപത നടത്തിയ വിശ്വാസപ്രഖ്യാപനറാലിയില് രൂപതയിലെ 141 ഇടവകകളില്‍ നിന്നുളള യുവജനങ്ങളുള്‍പ്പടെ ആയിരക്കണക്കിനുപേര്‍ പങ്കെടുത്തു. കണ്ണില്‍ കനിവും കരളില്‍ കനലും കാലില്‍ ചിറകും എന്ന ആപ്തവാക്യവുമായി പേപ്പല്‍ പതാകയും ജപമാലയുമേന്തി പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിട്ട് വിശ്വാസം പ്രഘോഷിച്ചുകൊണ്ടാണു തീര്‍ഥാടകര്‍ പദയാത്രയില്‍ അണിനിരന്നത്. ഭാരത അപ്പസ്തോലനായ മാര്‍ തോമാശ്ലീഹാ യുടെ ഭാരതപ്രവേശനത്തിന്റെ 1972 ാം വാര്‍ഷികവും യുവജനവര്ഷാചരണവും ഉള്‍ക്കൊള്ളിച്ചായിരുന്നു ഇത്തവണത്തെ പദയാത്ര.
രാവിലെ 6.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍നിന്നും ഏഴിന് മാള, പുത്തന്‍ചിറ ഫൊറോനകളില്‍ നിന്നും ആരംഭിച്ച തീര്‍ഥാടന പദയാത്ര കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ഇടവകയിലെ സാന്തോം സ്ക്വയറില്‍ 10.30ന് എത്തിച്ചേര്‍ന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പേപ്പല്‍ പതാക ബിഷപ്പിനു കൈമാറി പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സാന്തോം നഗറിലെത്തിയ പദയാത്രികരെ വികാരി ഫാ. ജോയ് പെരേപ്പാടന്റെയും ഇടവക സമൂഹത്തിന്റെയും നേതൃത്വത്തില്‍ പൂച്ചെണ്ടുകള്‍ നല്കി സ്വീകരിച്ചു.
തുടര്‍ന്ന് മാര്‍ പോളി കണ്ണൂക്കാടന്‍, മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍, കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രം മുഖ്യശാന്തി സത്യധര്‍മന്‍ അടികള്‍, ജുഡീഷ്യല്‍ വികാര്‍ ഫാ. ജോയ് പാലിയേക്കര, പ്രെസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, തൃശൂര്‍ ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് നന്തിക്കര സിഎംഐ, രൂപത ചാന്‍സലര്‍ റവ.ഡോ. കിരണ്‍ തട്ട്ല, ഇടവക വികാരി ഫാ. ജോയ് പെരേപ്പാടന്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കല്‍വിളക്കില്‍ ദീപങ്ങള്‍ തെളിയിച്ചു.
തീര്‍ഥാടകര്‍ കത്തിച്ച ദീപങ്ങള്‍ ഉയര്ത്തിപ്പിടിച്ചുവിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ഏറ്റുചൊല്ലി. ുടര്‍ന്നു നടന്ന സമൂഹ ദിവ്യബലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ചരിത്രമുറങ്ങുന്ന, മതങ്ങളുടെ ഈറ്റില്ലവും സംസ്കാരങ്ങളുടെ സംഗമഭൂമിയുമായ കൊടുങ്ങല്ലൂരിലേക്ക് നടത്തിയ മാര്‍തോമാ തീര്‍ഥാടന പദയാത്രയില്‍ വിവിധ ഇടവകകളില്‍ നിന്നുള്ളവര്‍ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങള്‍ ഏറെ ശ്രദ്ധേയമായി. വിദ്യാജ്യോതി മതബോധന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാറ്റക്കിസം ബാന്‍ഡ് ഒരുക്കിയ ആത്മീയസംഗീതവിരുന്ന്, ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ചവിട്ടുനാടകം എന്നിവ അരങ്ങേറി.
യുവജനവര്‍ഷം യുവജനനേതൃത്വം
രൂപതയുടെ യുവജനവര്‍ഷത്തോടനുബന്ധിച്ച് കെസിവൈഎം, സിഎല്‍സി, ജീസസ് യൂത്ത് എന്നീ യുവജന സംഘടനകളാണ് മാര്തോമാതീര്ഥാടനത്തിനു നേതൃത്വം നല്‍കിയത്. ചെയര്മാന് മോണ്‍. ജോസ് മാളിയേക്കല്‍, ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. കിരണ്‍ തട്ട്ല, ജനറല്‍ കണ്‍വീനര്‍ ഫാ. ജോഷി കല്ലേലി, ജോയിന്റ് കണ്‍വീനര്‍മാരായ ഫാ. ചാക്കോ കാട്ടുപറമ്പില്‍, ഫാ. ജോയല്‍ ചെറുവത്തൂര്‍, ഫാ. റിജോയ് പഴയാറ്റില്‍, ഫാ. റിജോ ആലപ്പാട്ട്, കൊടുങ്ങല്ലൂര്‍ പള്ളി വികാരി ഫാ ജോയ് പെരേപ്പാടന്, കെസിവൈഎം ചെയര്‍മന്‍ ആല്ബിന് ജോയ്, സിഎല്‍സി പ്രസിഡന്റ് അലക്സ് ഫ്രാന്‍സിസ്, ജീസസ് യൂത്ത് കോഓര്‍ഡിനേറ്റര്‍ സി.പി. അലോഷ്യസ്, ആല്വിന് ആന്റോ, മാര്‍ഷല്‍ പോള്‍, മരിയ വിന്‍സെന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് മാര്‍തോമാ തീര്‍ഥാടനത്തിനു നേതൃത്വം നല്‍കിയത്.
ക്രിസ്തുവിശ്വാസം സുവിശേഷാത്മക ധീരതയോടെ ജീവിക്കുക: മാര്‍ പോളി കണ്ണൂക്കാടന്‍
കൊടുങ്ങല്ലൂര്‍: കലഹങ്ങളും അക്രമങ്ങളുംകൊണ്ട് കലുഷിതമായ ഇക്കാലത്ത് മാര്‍തോമാശ്ലീഹാ പകര്‍ന്നുതന്ന ക്രിസ്തുവിശ്വാസം സുവിശേഷാത്മകമായ ധീരതയോടെ പ്രഘോഷിക്കാന്‍ തയാറാവണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലി മധ്യേ വചനസന്ദേശത്തില്‍ പറഞ്ഞു. മാര്‍ത്തോമാശ്ലീഹാ പകര്‍ന്നു നല്കിയ ക്രൈസ്തവ വിശ്വാസം കൂടുതല്‍ ഉജ്ജ്വലിപ്പിക്കുകയും വിശ്വാസത്തില്‍ ആഴപ്പെടാന്‍ നിരന്തരം പരിശ്രമിക്കുകയും വേണം. മലയില്‍ ഉയര്‍ത്തപ്പെട്ട പട്ടണം പോലെ, പീഠത്തില്‍ വെച്ച വിളക്കുപോലെ, വിശ്വാസ പ്രഘോഷണത്തില്‍ പ്രശോഭിക്കണം. ജീവിതത്തില്‍ വിശ്വാസം ഏറ്റുപറയുമ്പോള്‍ ഭീരുത്വത്തോടെ കഴിയേണ്ടവരല്ല, മറിച്ച് ധീരതയോടെ സുവിശേഷം പ്രഘോഷിക്കുവാന്‍ കടപ്പെട്ടവരാണ് നമ്മള്. യുവജനങ്ങളുടെ സ്വതസിദ്ധമായ തീക്ഷ്ണതയുടെ കരത്തില്‍ പ്രത്യാശയുടെ സാക്ഷികളായി മാര്ത്തോമാസഭാസമൂഹം പ്രശോഭിക്കണം. വിശ്വാസ ജീവിതത്തില്വന്ന നിര്‍ജീവത്വം വെടിഞ്ഞ് സഭയുടെ കൂട്ടായ്മയില്‍ ദൈവത്തിന്റെ പിതൃത്വവും മനുഷ്യരുടെ സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുകയാണ് ഇന്നത്തെ അടിയന്തരാവശ്യമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ ഓര്‍മിപ്പിച്ചു.