ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ കളമരങ്ങ് 2025 കലാശില്പശാല സംഘടിപ്പിച്ചു

ഭാരതീയ വിദ്യാഭവന്റെയും ഇന്‍ഫോസിസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കലാശില്പശാല കളമരങ്ങ് 2025 കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കടന്നമണ്ണ ശ്രീനിവാസന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അന്യം നിന്നു പോകുന്ന നാടന്‍കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ, ഭാരതീയ വിദ്യാഭവന്റെയും ഇന്‍ഫോസിസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കലാപ്രോത്സാഹനയജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ കലാശില്പശാല കളമരങ്ങ് 2025 നടത്തി. കളമെഴുത്ത്, ഓട്ടന്തുള്ളല് എന്നീ കലാരൂപങ്ങളെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവു പകരാന്‍ അവസരമൊരുക്കിയ ശില്പശാല ദിവസം മുഴുവന്‍ നീണ്ടുനിന്നു.
പ്രസിദ്ധ കളമെഴുത്ത് കലാകാരനും കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ കടന്നമണ്ണ ശ്രീനിവാസന്, കേരള കലാമണ്ഡലം ഓട്ടന്തുള്ളല് വിഭാഗം മേധാവിയും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ കലാമണ്ഡലം മോഹനകൃഷ്ണന് എന്നിവര്‍ നയിച്ചു. കേരള കലാമണ്ഡലത്തില്‍ നിന്നുള്ള ഐശ്വര്യ എസ്. കുമാര്‍, അനിരുദ്ധ്, അദ്വൈത ആനന്ദ് എന്നീ വിദ്യാര്‍ഥികളും പങ്കചേര്‍ന്നു. ഉദ്ഘാടന സമ്മേളനത്തില്‍ ചെയര്മാന് അപ്പുക്കുട്ടന് നായര്‍, സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.എന്‍. മേനോന്, വിവേകാനന്ദന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, മലയാള വിഭാഗം മേധാവി ബിന്ദുമതി എന്നിവര്‍ പങ്കെടുത്തു.