പാടശേഖരങ്ങളില്‍ വെള്ളം: അരിപ്പാലം ചിറ തുറക്കണമെന്നാവശ്യം
അരിപ്പാലം: കഴിഞ്ഞയാഴ്ച പെയ്ത മഴയില്‍ പാടശേഖരങ്ങളില്‍ കയറിയ വെള്ളം ഒഴുകി പോകാത്തതിനാല്‍ കൃഷി നശിക്കുമെന്നു ആശങ്ക. പൂമംഗലം ഗ്രാമപഞ്ചായത്തിലെ പള്ളിത്താഴം പടവ്, കിഴക്കെ പുഞ്ചപ്പാടം എന്നീ പാടശേഖരങ്ങളാണു ഇപ്പോഴും വെള്ളക്കെട്ടില്‍ നില്‍ക്കുന്നത്. അതിനാല്‍ അരിപ്പാലം ചിറ പാലത്തിനു താഴെയുള്ള കെട്ടുകള്‍ പൂര്‍ണമായും തുറന്ന് അധികജലം ഒഴുക്കി കളയണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു. മഴവെള്ളം ഒഴുകിപ്പോകാന്‍ സ്ലൂയിസുകള്‍ തുറക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തെ തുടര്‍ന്ന് കെട്ടുചിറ ഷട്ടര്‍ തുറന്നെങ്കിലും അരിപ്പാലം ചിറയിലെ പാലത്തിനു താഴെയുള്ള കെട്ട് പൂര്‍ണമായും തുറക്കാത്തതിനാല്‍ നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണെന്നു കര്‍ഷകര്‍ പറഞ്ഞു. മേഖലയിലെ 50 ഏക്കറിലേറെ വരുന്ന പാടശേഖരം വെള്ളക്കെട്ട് ഭീഷണിയിലാണ്. അരിപ്പാലം ചിറയില്‍ നാലു കെട്ടുകളാണ് ഉള്ളത്. ഇതില്‍ ഒന്നിന്റെ പകുതി മാത്രമാണ് തുറന്നിരിക്കുന്നത്. ഇതിലൂടെ വളരെ കുറച്ചു വെള്ളമാണ് ഒഴുകിപ്പോകുന്നത്. അതിനാല്‍ നാലു കെട്ടുകളും പൂര്‍ണമായും തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞ് കൃഷിയെ രക്ഷിക്കാന്‍ നടപടിയെടുക്കണമെന്നു എടക്കുളം പള്ളിത്താഴം പടവുകമ്മിറ്റി സെക്രട്ടറി സി.പി. ജയപ്രകാശ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കാലം തെറ്റിപെയ്ത മഴയില്‍ പടിയൂര്‍, പൂമംഗലം, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകളിലായി കിടക്കുന്ന 250 ഹെക്ടറോളം പാടശേഖരമാണു പ്രതിസന്ധിയിലായത്. കൃഷിയിറക്കിയ കോള്‍പടവുകളില്‍ കൃഷി മുങ്ങിപ്പോകുകയും മറ്റു പടവുകളില്‍ കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യത്തിലുമായതോടെ കര്‍ഷകര്‍ ബ്ലോക്ക് പഞ്ചായത്തിനേയും ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെട്ടുചിറ തുറന്നും ഷണ്മുഖം കനാലിലേക്കു വെള്ളം പമ്പു ചെയ്തും പാടശേഖരങ്ങളില്‍ നിന്നു വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഷണ്മുഖം കനാലിലേക്കു വെള്ളം പമ്പ് ചെയ്യുന്നത് പിന്നീട് ഒഴിവാക്കി. എന്നാല്‍ അരിപ്പാലം ചിറയുടെ കെട്ട് തുറക്കാത്തതിനാല്‍ വെള്ളം തടഞ്ഞു നില്‍ക്കുകയാണ്.