മഴ ശക്തമാകുന്നു; ഷണ്മുഖം കനാലില്‍ ചണ്ടി, കുളവാഴ നീക്കല്‍ തകൃതി

ഷണ്മുഖം കനാലിലെ ചണ്ടിയും കുളവാഴയും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മഴക്കാലം ശക്തമാകുന്നത് മുന്നില്‍ കണ്ട് ഷണ്മുഖം കനാലിലെ ചണ്ടിയും കുളവാഴയും മാലിന്യങ്ങളും നീക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു. ഇടമുറിയാതെ മഴ പെയ്താല്‍ ആരോഗ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നാണ് ഷണ്മുഖം കനാല്‍ നിവാസികളുടെ അനുഭവപാഠം. ആയിരത്തോളം കുടുംബങ്ങളാണ് ഈ കനാലിനു ഇരു കരകളിലുമായി താമസിക്കുന്നത്. നഗരത്തിലെ എല്ലാ മാലിന്യങ്ങളും വന്നു ചേരുന്നത് ഈ കനാലിലേക്കാണ്. കനാലിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ചെളിയും ചണ്ടിയും നിറഞ്ഞ് കാട് പിടിച്ച് കിടക്കുകയായിരുന്നു. വെള്ളത്തിന്റെ നീരൊഴുക്ക് തടസപ്പെടുന്നതിനും മഴ കനക്കുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകുകയും കനാലിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറാനും ഇടയാക്കുമായിരുന്നു.
ഈ കനാലിലെ മലിനജലമാണ് സമീപത്തെ കിണറുകളിലേക്കും പറമ്പുകളിലേക്കും ഒഴുകിയെത്തുക. ജെസിബി ഉപയോഗിച്ചാണ് മാലിന്യങ്ങളും ചണ്ടിയും കുളവാഴയും നീക്കം ചെയ്യുന്നത്. ഇരിങ്ങാലക്കുട മാര്‍ക്കറ്റ് പരിസരത്തുനിന്നും ആരംഭിച്ച് പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലൂടെ കടന്ന്, കനോലി കനാലില്‍ ചേരുന്ന, ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ഷണ്മുഖം കനാലിലാണ് ആറ് കിലോമീറ്ററോളം ദൂരമുണ്ട്. ഷണ്മുഖം കനാലില്‍ മാലിന്യങ്ങള്‍ വന്നടിയുന്നതുമൂലം സമീപപ്രദേശങ്ങളിലെ കിണറുകളും മലിനമായി മാറുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. മാത്രവുമല്ല, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുക് പെറ്റുപരുകാനുള്ള സാധ്യതയുള്ളതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കനാലില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിരിക്കുന്ന സ്ഥലങ്ങളില്‍ കൊതുകുകളുടെ പ്രജനനം ഇപ്പോള്‍ തന്നെ അധികമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
