കലാത്മകതയും ജനപ്രിയതയും സമന്വയിച്ച ചലച്ചിത്രങ്ങളാണ് മോഹന്റേത്: മന്ത്രി ഡോ. ആര്. ബിന്ദു

പ്രശസ്ത ചലച്ചിത്ര സംവിധായകന് മോഹന്റെ അനുസ്മരണാര്‍ത്ഥം ഇരിങ്ങാലക്കുട പൗരാവലിയും മോഹന്‍ ഫൗണ്ടേഷനും സംയുക്തമായി സംഘിപ്പിച്ച ദൃശ്യമോഹനം 2015 ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രശസ്ത ചലച്ചിത്ര സംവിധായകന് മോഹന്റെ അനുസ്മരണാര്‍ത്ഥം ഇരിങ്ങാലക്കുട പൗരാവലിയും മോഹന്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ദൃശ്യമോഹനം 2015 ന് സമാപനമായി. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യുവ സംവിധായകനുള്ള പ്രഥമ മോഹന്‍ പുരസ്കാരം സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് മന്ത്രി ഡോ. ആര്. ബിന്ദുവും അനുപമ മോഹനനും ചേര്‍ന്ന് സമര്‍പ്പിച്ചു. കലാത്മകതയും ജനപ്രിയതയും സമന്വയിപ്പിച്ച് ഹൃദയംഗമമായ രീതിയില്‍ സന്നിവേശിപ്പിച്ച സിനിമകളായിരുന്നു മോഹന്റേതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.
പത്മരാജനും കെജി ജോര്‍ജും ഭരതനും ആഘോഷിക്കപ്പെടുമ്പോള്‍ അവരോടൊപ്പം സഞ്ചരിച്ച അവരോളം പ്രതിഭാശാലിയായ മോഹനെ കേരളം വിസ്മരിക്കുകയാണെന്ന് സംവിധായകന് കമല്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ ഒരുതരത്തിലുള്ള വെള്ളം ചേര്‍ക്കലും നടത്താതെ തന്റെ സിനിമകള്‍ ചെയ്തുപോന്ന സംവിധായകനായിരുന്നു മോഹന്‍ എന്ന് സംവിധായകന് സിബി മലയില്‍ അഭിപ്രായപ്പെട്ടു. മലയാള ചലച്ചിത്ര മേഖലയ്ക്ക് പാഠ പുസ്തകങ്ങള്‍ ആക്കാവുന്ന ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് മോഹനെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.
യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ക്ഷേമാവതി, അനുപമ മോഹന്‍, പ്രദീപ് മേനോന്,മുന്‍ എംഎല്‍എ കെ യു അരുണന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, കെ.ബി. വേണു, പി.ജി. പ്രേംലാല്‍, തിരക്കഥാകൃത്ത് അനന്തപത്മനാഭന്, സിജി പ്രദീപ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, അഡ്വ. മണികണ്ഠന് തുടങ്ങിയവര്‍ സംസാരിച്ചു. സത്യാഞ്ജലി കൊച്ചിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി നൃത്ത പരിപാടികളും അരങ്ങേറിയിരുന്നു.