സ്കൗട്ട് ആന്‍ഡ് ഗൈഡ് ആസ്ഥാനമന്ദിരം, എതിര്‍പ്പുമായി സ്കൂള്‍ വികസന സമിതി
ഇരിങ്ങാലക്കുട: ഗവ. ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്നു സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ജില്ലാ ആസ്ഥാനമന്ദിരം പണിയാനുള്ള നീക്കത്തിനെതിരെ സ്കൂള്‍ വികസന സമിതി രംഗത്ത്. സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിനു എതിരല്ലെന്നും ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തു കെട്ടിടം നിര്‍മിച്ചാല്‍ അത് സ്കൂള്‍ ഗ്രൗണ്ടിന്റെ വികസനത്തിനു ബുദ്ധിമുട്ടാകുമെന്നും സ്കൂള്‍ വികസന സമിതി വ്യക്തമാക്കി. ഭാവിയില്‍ ബോയ്സ് സ്കൂളില്‍ വരാന്‍ പോകുന്ന സ്റ്റേഡിയം അടക്കമുള്ള സ്പോര്‍ട്സ് സബ് സെന്ററിനായുള്ള നടപടികള്‍ നടക്കുന്നതിനിടെയാണു ഗ്രൗണ്ടിനു സമീപത്തുതന്നെയായി 40 സെന്റ് സ്ഥലം നഷപ്പെടുന്നത്. ഈ കെട്ടിടത്തിലേക്കു മറ്റു വഴികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഗ്രൗണ്ടിന്റെ ഒരു വശം വഴിക്കായി നീക്കിവയ്ക്കേണ്ടിവരും. ബോയ്സ് ഹൈസ്കൂളിനകത്തു വിഎച്ച്എസ്ഇ കെട്ടിടങ്ങളും ഹയര്‍ സെക്കന്‍ഡറി കെട്ടിടങ്ങളും ഈ അടുത്തു നിര്‍മിച്ചിരുന്നുവെങ്കിലും സ്ഥലപരിമിതി ഒരു പ്രധാന വിഷയമായി നിലനിന്നപ്പോള്‍ പോലും സ്കൂളിന്റെ ഗ്രൗണ്ടോ അതിനു സമീപത്തെ സ്ഥലങ്ങളോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാതിരുന്നതു സ്പോര്‍ട്സ് സബ് സെന്ററിനായുള്ള കാത്തിരിപ്പുള്ളതിനാലായിരുന്നു. ഗ്രൗണ്ടിന്റെ വികസനത്തിനു തടസമാകാതെ കെട്ടിടം ഗ്രൗണ്ടിനോടു ചേര്‍ന്നു നിര്‍മിക്കാതെ വടക്കേ അതിര്‍ത്തിയിലേക്കു ഒതുക്കി നിര്‍മിക്കണമെന്നാണു തങ്ങളുടെ ആവശ്യമെന്നും അവര്‍ വ്യക്തമാക്കി. 1992 ലാണു പൊതുവിദ്യാഭ്യാസ വകുപ്പ് ഇരിങ്ങാലക്കുട ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്നു 40 സെന്റ് സ്ഥലത്ത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ജില്ലാ ആസ്ഥാന മന്ദിരത്തിനു അനുവദിക്കുന്നത്. പിന്നീട് 2017 ല്‍ ഓഫീസ് റൂമും സ്റ്റോര്‍ റൂമും ഹാളും അടക്കമുള്ള കെട്ടിട നിര്‍മാണത്തിനായി 50 ലക്ഷം രൂപ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണു അനുവദിച്ചത്. എന്നാല്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് സ്കൂള്‍ അധികൃതര്‍ നിര്‍മാണം വൈകിക്കുകയാണെന്നു സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന് ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം നിര്മിക്കനായി ഡിപിഐ, പൊതുവിദ്യാഭ്യാസവകുപ്പ്, ജില്ലാ കളക്ടര്‍ എന്നിവരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നു ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നു ഹിയറിംഗില്‍ ആര്‍ഡിഒ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്കി. അന്നത്തെ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തില്‍ സ്കൂള്‍ അധികൃതര്‍ അനുകൂലമായ സമീപനമാണു എടുത്തതെങ്കിലും പിന്നീടു വന്നവര്‍ പലവിധ കാരണങ്ങള്‍ പറഞ്ഞു നീട്ടുകയാണെന്നും അവര്‍ ആരോപിച്ചു. സ്കൗട്ടിനു കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലമടക്കം സ്കൂളിന്റെ സ്ഥലങ്ങള്‍ പലതും കൈയേറിപ്പോയിട്ടുണ്ടെന്നും അതിനാല്‍ താലൂക്ക് സര്‍വേയര്‍ വന്ന് അളന്നു തിട്ടപ്പെടുത്തിയതിനുശേഷം മാത്രമം നിര്‍മാണം അനുവദിക്കുകയുള്ളൂവെന്നുമാണു സ്കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം താലൂക്ക് സര്‍വേയര്‍ വന്നു സ്ഥലം അളന്നു തിട്ടപ്പെടുത്തി. കെട്ടിടം പണിയുന്നതിനുള്ള സ്കെച്ചും താലൂക്കില്‍ നിന്നു നല്‍കിയിട്ടുണ്ടെന്നും ആ സ്ഥലത്ത് കെട്ടിടം പണിയാന്‍ അനുവദിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു