‘വിദ്യാര്‍ഥികള്‍ സമൂഹത്തിന് നേതൃത്വം വഹിക്കുന്നവരായി വളരണം’-മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: രാഷ്ട്രീയം, കല, സാംസ്കാരികം, സംരംഭകത്വം, സിവില്‍ സര്‍വീസ് തുടങ്ങി എല്ലാ മേഖലകളുടെയും മുഖ്യധാരയിലേക്ക് കടന്നുവന്ന് നാളെയുടെ സമൂഹത്തിന് നേതൃത്വം വഹിക്കാന്‍ കഴിയുന്നവരായി വളരുന്നത് വിദ്യാര്‍ഥികള്‍ ലക്ഷ്യം വയ്ക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ധനസമ്പാദനം മുഖ്യലക്ഷ്യമായി കരുതിക്കൊണ്ട് ഒരു ചെറിയ വൃത്തത്തിലൊതുങ്ങി ജീവിക്കുന്നവര്‍ ഏറുന്ന ഈ കാലത്ത് രാഷ്ട്രനിര്‍മാണത്തില്‍ പങ്കുവഹിക്കാന്‍ സന്മനസുള്ളവരെ ഏറെ ആവശ്യമുണ്ട്. സ്റ്റാര്‍ ഓഫ് സക്സസ് അവാര്‍ഡ് നേടിയ ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ക്രൈസ്റ്റ് കോളജ് (ഓട്ടോണോമസ്) പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ, പരിസ്ഥിതിമിത്ര അവാര്‍ഡ് ജേതാവ് ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ എന്നിവരെ ആദരിക്കാനായി ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. വിദ്യാഭ്യാസം, സമൂഹ നിര്‍മാണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ അവാര്‍ഡ് ജേതാക്കളുടെ സംഭാവനകള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ചേര്‍ന്ന യോഗത്തില്‍ സിഎംഐ തൃശൂര്‍ ദേവമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവിസ് പനക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിയോര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയ് പയ്യപ്പിള്ളി സിഎംഐ, ഫാ. ആന്റണി ഡേവിസ് സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, വിദ്യാര്‍ഥി പ്രതിനിധികളായ ലിയോ ടി. ഫ്രാന്‍സി, ചന്ദന പ്രേംലാല്‍ തുടങ്ങിയവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി. സര്‍വകലാശാല പരീക്ഷകളിലും വിവിധ ഇന്റര്‍ കൊളീജിയറ്റ് മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കും ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.