പുതുമുളകള്ക്കൊപ്പം പെയ്തിറങ്ങിയ കഥകളും ഏറ്റുവാങ്ങി ആവണിപ്പാടം
പട്ടേപ്പാടം: പുതുമുളകള്‍ തലപൊക്കി തിരിനീട്ടിത്തുടങ്ങിയ ആവണിപ്പാടത്ത് കഥകള്‍കൂടി പെയ്തിറിങ്ങിയപ്പോള് അത് വേറിട്ടൊരു ഹൃദ്യാനുഭവമായി. താഷ്ക്കന്റ് ലൈബ്രറിയുടെ കാര്‍ഷിക ഗ്രൂപ്പായ ചെഞ്ചീര കാര്‍ഷിക ക്ലബ് ഓണക്കാല കൃഷിയിറക്കിയിട്ടുള്ള ‘ആവണിപ്പാടം’ കൃഷിയിടത്തില്‍ വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളിലാണ് പുതുമയാര്‍ന്ന ഈ സാഹിത്യവിരുന്നൊരുക്കിയത്. കൃഷിയ്ക്ക് വളപരിചരണം നല്കിയ ശേഷം ഒത്തുകൂടിയ കാര്‍ഷിക ഗ്രൂപ്പ് അംഗങ്ങളും സഹൃദയരും അടങ്ങിയ ഗ്രാമീണ സദസ്സിനുമുമ്പില്‍ മലയാളത്തിലെ കൃഷിയും പരിസ്ഥിതിയും പ്രതിപാദ്യവിഷയങ്ങളായ പ്രധാന കഥകള്‍ എഴുത്തുകാരനും മുന്‍ എഇഒയുമായ ബാലകൃഷ്ണന് അഞ്ചത്ത് പരിചയപ്പെടുത്തി. പൊന്‍ കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പയും ബഷീറിന്റെ ഭൂമിയുടെ അവകാശികളും മറ്റും അവിടെ ഇതള്‍ വിടര്‍ന്നപ്പോള്‍ കേള്‍വിക്കാര്‍ കാര്‍ഷിക സംസ്കൃതിയും സാഹിത്യവും തമ്മിലുള്ള ഇഴയടുപ്പം കൗതുകത്തോടെ തിരിച്ചറിയുകയായിരുനു. ഖാദര്‍ പട്ടേപ്പാടം എഴുതിയ സ്വന്തം ഗ്രാമത്തിന്റെ ഗതകാല കാര്‍ഷിക സമൃദ്ധിയുടെ കഥ പറയുന്ന ‘മത്തക്കുരു ഉപ്പാപ്പ’ എന്ന കഥ ബാലകൃഷ്ണന് അഞ്ചത്ത് ഗ്രാമകൂട്ടയ്മയ്ക്കായി സമര്‍പ്പിച്ചു. രജനി സജീവന് കഥ ഏറ്റുവാങ്ങി. ടി.കെ. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന കഥാചര്‍ച്ചയില്‍ അസീന സലാം, കെ.കെ. ജോഷി, സൈന റഹീം, കെ.കെ. സാബു, രശ്മി അഥീഷ്, ആമിന അബ്ദുള്‍ ഖാദര്‍, സറീന ജേക്കബ് എന്നിവര്‍ പങ്കെടുത്തു. രമിത സുധീന്ദ്രന്‍ സ്വാഗതവും ജിതിന് ജയന് നന്ദിയും പറഞ്ഞു. തരിശായിക്കിടന്നിരുന്ന 60 സെന്റ് പൊക്കസ്ഥലമാണു് വനിതകള്‍ക്ക് പ്രാമുഖ്യമുള്ള ചെഞ്ചീര കാര്‍ഷിക ക്ലബംഗങ്ങള്‍ കൃഷിയോഗ്യമാക്കി ‘ആവണിപ്പാടം’ എന്ന പേരിട്ട് ഓണക്കാല പച്ചക്കറികൃഷി ഇറക്കിയിരിക്കുന്നത്.