പൂമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് എന്‍ക്യുഎഎസ് അംഗീകാരം
അരിപ്പാലം: 2021ലെ സംസ്ഥാന സര്‍ക്കാരിന്റെ കായകല്പ അവാര്‍ഡ് നേടിയ പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും അംഗീകാരം. 91 ശതമാനം സ്കോര്‍ നേടി നാഷണല്‍ ക്വാളിറ്റി അക്രെഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) സര്‍ട്ടിഫിക്കേഷനാണ് ആശുപത്രിക്ക് ലഭിച്ചത്. സംസ്ഥാനത്ത് ഈ സര്ട്ടിഫിക്കേഷന് ലഭിച്ച ആറ് ആശുപത്രികളില്‍ ഒന്നും ജില്ലയിലെ ഏക ആശുപത്രിയുമാണ് പൂമംഗലത്തേത്. ദൈനംദിന ഒപി സേവനത്തിനു പുറമേ ആഴ്ചയില്‍ എല്ലാ ദിവസവും ജീവിതശൈലീ രോഗനിര്‍ണയ ക്ലിനിക്ക്, കൂടാതെ ആഴ്ചയില്‍ ഓരോ ദിനവും ശ്വാസ് ക്ലിനിക്ക്, ആശ്വാസ് ക്ലിനിക്ക്, ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്ക്, കൗമാരാരോഗ്യ ക്ലിനിക്ക്, രോഗപ്രതിരോധ കുത്തിവെപ്പ് ക്ലിനിക്ക്, പാലിയേറ്റീവ് ക്ലിനിക്ക്, വയോജന ക്ലിനിക്ക്, വിഷന്‍ സെന്റര്‍ എന്നിങ്ങനെ പ്രത്യേകം ക്ലിനിക്കുകളും നടത്തിവരുന്നുണ്ട്.