നഗരത്തില്‍ കമിതാക്കളുടെ പ്രണയലീലകള്‍ അതിരുവിട്ടു; സഹികെട്ടപ്പോള്‍ നാട്ടുകാര്‍ ചെയ്തത് ഇങ്ങനെ
മരക്കൊമ്പുകളുടെ ചില്ലകള്‍ മുറിച്ചുമാറ്റി
ഇരിങ്ങാലക്കുട: കമിതാക്കളുടെ അതിരുവിട്ട പ്രണയ ലീലകള്‍ക്ക് ബ്രേക്കിടാനൊരുങ്ങി നാട്ടുകാര്‍. രാത്രിയും പകലും വ്യത്യാസമില്ലാതെ സല്ലാപ കേന്ദ്രമായി മാറിയ മുനിസിപ്പല്‍ മൈതാനത്തിലെ മരങ്ങളുടെ ചില്ലകള്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മുറിച്ചു മാറ്റി. മൈതാനത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മരചില്ലകള്‍ മറയാക്കിയായിരുന്നു കമിതാക്കളുടെ അതിരുവിട്ട സല്ലാപം. വഴിപോക്കര്ക്കുപോലും ലജ്ജിച്ച് കണ്ണുപൊത്തേണ്ട കാഴ്ചകളായിരുന്നു ഇവിടെ. മഴയും വെയിലും ഇല്ലെങ്കിലും ചിലര്‍ക്ക് കുടയുടെ മറ വേണം. മറ്റു ചിലര്‍ക്കാകട്ടെ മരച്ചില്ലകളുടെ മറയും. മറ പിടിച്ച് ഇരുന്നും കിടന്നുമൊക്കെ ഇവര്‍ കാട്ടുന്ന വിക്രിയകള്‍ തൊട്ടടുത്ത് ആളുകള്‍ വീക്ഷിക്കുന്നുണ്ടെന്ന കാര്യം കമിതാക്കള്‍ക്കു പ്രശ്നമില്ല. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളാണ് ഇതില്‍ ഏറെയും. രാവിലെ കോളജുകളിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങുന്ന പല പെണ്‍കുട്ടികളും കാമുകന്മാര്ക്കൊപ്പം ആഡംബര വാഹനങ്ങളില്‍ കറങ്ങി സമയം ചിലവഴിച്ചശേഷം വൈകീട്ടാണ് മടങ്ങുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുന്ന പതിവു സമയത്തുതന്നെ തിരിച്ചെത്തുന്നതിനാല്‍ പല രക്ഷിതാക്കളും പെണ്മക്കളുടെ പ്രണയലീലകള്‍ അറിയാതെ പോകുന്നുവെന്നതാണ് വാസ്തവം.
ചില്‍ഡ്രന്‍സ് പാര്‍ക്കും ഞവരിക്കുളവും സേഫാണെന്ന് കമിതാക്കള്‍
മുനിസിപ്പല്‍ മൈതാനത്തിനപ്പുറം ഞവരിക്കുളവും മുനിസിപ്പല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കും സേഫാണെന്നാണു കമിതാക്കളുടെ നിഗമനം. കുറച്ചു ദിവസം മുമ്പ് പുലര്‍ച്ചെ ഒരു മണിക്കാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന സംഘം ഞവരിക്കുളത്തില്‍ കുളിക്കാനെത്തിയത്. ഈ അര്‍ധരാത്രിയില്‍ തന്നെ കുളിക്കണോ എന്ന പോലീസിന്റെ ചോദ്യത്തിന് ഈ രാത്രിയില്‍ ഞങ്ങള്‍ക്കിവിടെ കുളിച്ചുകൂടെ എന്നായിരുന്നു ഇവരുടെ മറുചോദ്യം. ഏറെനേരം പണിപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ച് ഇവിടെ നിന്നും പറഞ്ഞയച്ചത്. രണ്ടു ദിവസം മുമ്പ് ഇതേ കുളക്കരയില്‍നിന്നും ഇത്തരം സംഘത്തെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. കുറച്ചുനാള്‍ മുമ്പ് രാത്രിനേരങ്ങളില്‍ പത്തുമണി ശേഷവും ബസ് സ്റ്റാന്‍ഡില്‍ ആല്‍ത്തറക്കു സമീപം പ്രവര്‍ത്തിക്കുന്ന ചായക്കടക്കു സമീപത്തുനിന്നും കമിതാക്കളെ വിരട്ടിയോടിക്കുവാന്‍ പോലീസിന് ലാത്തിയെടുക്കേണ്ടി വന്നു. ഈ ചായക്കടക്കു സമീപമാണ് ആളൊഴിഞ്ഞ പഴയ മുകുന്ദപുരം താലൂക്ക് ഓഫീസ് മന്ദിരം. അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ താവളമാണിവിടെ. ഈ ചായക്കടയുടെ പാര്‍ക്കിംഗ് പ്രദേശത്ത് വെളിച്ചവും കുറവാണെന്നുള്ളത് ഇക്കൂട്ടര്‍ക്ക് അനാശാസ്യത്തിന് ഏറെ സൗകര്യപ്രദമാണ്. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനു മുകളില്‍ ഇത്തരക്കാരുടെ കേന്ദ്രമായിരുന്നുവെങ്കിലും സമീപത്തെ കടക്കാര് ഇവിടെ ഗേറ്റ് സ്ഥാപിക്കുകയായിരുന്നു.
വഴിതെറ്റിക്കാന്‍ കഞ്ചാവും
കമിതാക്കളുടെ സല്ലാപം മാത്രമല്ല ഇത്തരം നേരംപോക്ക് കേന്ദ്രങ്ങളില്‍ നടക്കുന്നത്. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള കഞ്ചാവ് വില്‍പ്പന സംഘങ്ങളും ഇവിടങ്ങളില്‍ സജീവമാണ്. ക്ലാസ് കട്ട് ചെയ്തു കറങ്ങുന്ന വിദ്യാര്‍ഥികളെ വലയിലാക്കാന്‍ എളുപ്പമാണെന്ന നിഗമനത്തിലാണ് കഞ്ചാവ് മാഫിയയുടെ നീക്കം. അതില്‍ അവര്‍ വിജയം കാണാറുമുണ്ട്. ലഹരിക്കടിമപ്പെട്ടവര്‍ പെണ്‍കുട്ടികളെ വലയിലാക്കി ദുരുപയോഗം ചെയ്ത സംഭവങ്ങളുമുണ്ട്. കഞ്ചാവിന് അടിമയായ പെണ്‍കുട്ടികളാണ് അനാശാസ്യ പ്രവര്‍ത്തികള്‍ക്കു തുനിയുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പെയിംഗ് ഗസ്റ്റായി താമസിക്കുന്ന പെണ്‍കുട്ടികള്‍ പ്രധാന ഇരകള്‍
നഗരത്തിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്നതിനെക്കാളും പെയിംഗ് ഗസ്റ്റായി താമസിക്കാനാണ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. ഹോസ്റ്റലില്‍ ആകുമ്പോള്‍ വൈകുന്നേരമായാല്‍ കൃത്യസമയത്ത് എത്തണം. എന്നാല്‍ പെയിംഗ് ഗസ്റ്റായാല് എപ്പോള്‍ വേണമെങ്കിലും വന്നുകയറാം. ഇവര്‍ എങ്ങോട്ടു പോകുന്നുവെന്നോ ആരുമായി പോകുന്നുവെന്നോ ആരും അന്വേഷിക്കാറില്ല. പെയിംഗ് ഗസ്റ്റ് സ്ഥലങ്ങളില്‍ രാത്രി ഏറെ വൈകി എത്തുന്ന പെണ്‍കുട്ടികള്‍ പലരും മദ്യലഹരിയിലാണെന്നത് വാസ്തവമാണ്.
തിരിച്ചറിയാതിരിക്കാന്‍ വസ്ത്രമാറ്റവും
യൂണിഫോമില്‍ വീട്ടില്‍ നിന്നിറങ്ങുന്ന പെണ്‍കുട്ടികള്‍ മറ്റൊരു വസ്ത്രം ബാഗില്‍ കരുതാറുണ്ട്. വീട്ടില്‍ നിന്നിറങ്ങി സുരക്ഷിത സ്ഥലത്തെത്തിയാല്‍ യൂണിഫോംമാറ്റി കളര്‍ വസ്ത്രമിടുകയാണ് പതിവ്. കറങ്ങിനടക്കുന്നത് സ്കൂള്‍ യൂണിഫോമിലായാല് എല്ലാവരും ശ്രദ്ധിക്കുമെന്നതിനാലാണ് ഇവരുടെ വസ്ത്രമാറ്റം.
ഒപ്പമിരുന്നാല്‍ പ്രശ്നമുണ്ടോയെന്ന് കമിതാക്കള്‍ പോലീസിനോട്
തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണ്, എവിടെയും ഒന്നിച്ചിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന കമിതാക്കളുടെ മറുപടിയില്‍ പോലീസിനു നിസഹായരാകേണ്ടിവന്നു. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലുള്ള ഒരു മറുപടി പോലീസിനു നേരിടേണ്ടി വന്നത്. പോലീസ് പട്രോളിംഗ് ശക്തമാക്കിയാല്‍ ഇത്തരക്കാരെ ഇവിടെ നിന്ന് തുരത്താന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.