മൂര്‍ക്കനാട് ശിവക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ശിവക്ഷേത്രോത്സവത്തിന്റെ ആറാട്ടിനിടെ ഉണ്ടായ കത്തിക്കുത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. മാടക്കത്തറ കുന്നത്തേരിത്താഴം പാടം സ്വദേശി വടക്കൂട്ട് വീട്ടില്‍ ദിനേഷ് എന്ന കുട്ടന് (28), പുല്ലൂര്‍ വില്ലേജ് തുറവന്‍കാട് വേലത്തിക്കുളം സ്വദേശി തൈവളപ്പില്‍ വീട്ടില്‍ അഭിഷേക് എന്ന ടുട്ടു (28) എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട കനാല്‍ ബെയ്സില്‍ വിജയന് കൊലപാതക കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അഭിഷേക്. ദിനേഷ് മണ്ണുത്തി പോലീസ് കാപ്പ ചുമത്തിയ ആളും ആണ്. സംഭവത്തില്‍ 12 പേരാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തിലെ മുഖ്യപ്രതികളായ സഹോദരങ്ങള്‍ ഇപ്പോഴും ഒളിവിലാണ്. കത്തിക്കുത്തില്‍ തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) സംഭവസ്ഥലത്തുവച്ചും ആനന്ദപുരം പൊന്നയത്ത് സന്തോഷ് (40) ചികിത്സയിലായിരിക്കെയുമാണ് മരണമടഞ്ഞത്. അഞ്ചു പേര് ഇപ്പോഴും ചികിത്സയിലാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞുമോയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസും സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഡിസംബര്‍ 31ന് മൈതാനത്ത് പ്രാദേശിക ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരത്തിനിടയില്‍ ഇപ്പോള്‍ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന മൂര്‍ക്കനാട് സ്വദേശി പ്രജിത്തും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. അന്നു പോലീസെത്തി പ്രശ്നം പരിഹരിച്ചിരുന്നുവെങ്കിലും ഇരു ടീമുകളും തമ്മിലുള്ള പക മാറിയിരുന്നില്ല. കുറച്ചുദിവസം മുമ്പ് കൊലപാതകത്തിലെ മുഖ്യപ്രതികളായ സഹോദരങ്ങള്‍ ഉത്സവത്തിനു തീര്‍ക്കുമെന്ന് പലയിടങ്ങളിലും വെല്ലുവിളി നടത്തിയതായി നാട്ടുകാര്‍ പറഞ്ഞു. ഇതോടെ പ്രജിത്ത് തന്റെ ഏതാനും സുഹൃത്തുക്കളെ ഉത്സവത്തിനു വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ മറുവിഭാഗത്തിന്റെ അപ്രതീക്ഷിത ആക്രമണത്തിലാണ് രണ്ടു പേരുടെ ജീവന് പൊലിഞ്ഞത്.