കതിരണിയാനൊരുങ്ങി കുട്ടന്‍ചിറ-ചിരട്ടക്കുന്ന് പാടം, 13 വര്‍ഷമായി തരിശിട്ടിരുന്നത് 12 ഏക്കര്‍ പാടശേഖരം
വെള്ളാങ്കല്ലൂര്‍: പഞ്ചായത്തിലെ 13 വര്‍ഷമായി തരിശുകിടന്ന കുട്ടന്‍ചിറ-ചിരട്ടക്കുന്ന് പാടശേഖരം വീണ്ടും കതിരണിയും. ഗ്രാമിക കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് 12 ഏക്കര്‍ തരിശുനിലത്ത് കൃഷിയിറക്കുന്നത്. ആദ്യകാലത്ത് ഇരിപ്പും പിന്നീട് വര്‍ഷങ്ങളോളം ഒരുപ്പൂവും കൃഷിയിറക്കിയിരുന്ന പാടശേഖരമായിരുന്നു ഇത്. മഴക്കാലത്തെ വെള്ളക്കെട്ടും വേനലിലെ ജലക്ഷാമവുമാണു ഇവിടെ കൃഷി മുടങ്ങാന്‍ കാരണം. കോവിഡ് മൂലമുണ്ടായ അടച്ചില്ക്കാലത്ത് വള്ളിവട്ടം, പൈങ്ങോട് പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഒമ്പതുപേരടങ്ങുന്ന ഗ്രാമിക കൂട്ടായ്മയുടെ നേതൃത്വത്തിലാണു വീണ്ടും കൃഷി ആരംഭിച്ചത്. പല മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ കൃഷിക്കായി ഒന്നിക്കുകയായിരുന്നു. പാടശേഖരത്തിലെ രണ്ടു കര്‍ഷകരും ഇവരോടൊപ്പമുണ്ട്. പാടശേഖരത്തിലെ ഭൂവുടമകളുടെ സമ്മതപത്രം വാങ്ങി കൃഷി തുടങ്ങി. ദിവസവും രാവിലെ ആറു മുതല്‍ എട്ടുവരെ ഇവര്‍ കൃഷി സ്ഥലത്ത് സജീവമാകും. ഒന്നര മാസമായി അംഗങ്ങളുടെ ജീവിതചര്യ ഇങ്ങനെയാണ്. കൃഷിയിറക്കാന്‍ തയാറെടുപ്പുകള്‍ നേരത്തേ തുടങ്ങിയെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴ കൃഷിയിറക്കലിനെ ബാധിച്ചു. കൃഷിഭവനില്‍ നിന്നു ലഭിച്ച ഉമ വിത്താണു ഇറക്കിയത്. ഞാറുനടീല്‍ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷിബിന്‍ ആക്ലിപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രേമചന്ദ്രന്, സുരേഷ് ബാബു, ശിവലാല്‍, സതീഷ്, ഷീലാ ജോയ്, വിപിന്‍ദാസ്, കൃഷ്ണരാജ്, വിഷ്ണു, സനീഷ് എന്നിവരാണ് ഗ്രാമിക കാര്‍ഷിക കൂട്ടായ്മ അംഗങ്ങള്‍.