ഫാ.സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ രഹിതവും
നീതി ലഭിക്കും വരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും സിഎൽസി
കൊച്ചി: മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് കലാപക്കേസില്‍ സാമൂഹ്യപ്രവര്‍ത്തകനും ജസ്യൂട്ട് സഭാംഗവുമായ ഫാ. സ്റ്റാന്‍ ലൂര്ദു സ്വാമിയെ യുഎപിഎ ചൂമത്തി കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്ന് സിഎല്‍സി സംസ്ഥാന സമിതി വിലയിരുത്തി. അനീതിക്കെതിരെ ശബ്ദമുയര്‍ത്തി ആദിവാസി സമൂഹങ്ങളുടെ സമുദ്ധാരണത്തിനായി ജീവിച്ച വ്യക്തിയാണ് ഈ വൈദീകന്. 83 വയസുള്ള ഈ വൈദീകനെ കോവിഡ് പശ്ചാത്തലത്തില്‍ മൂംബൈ വരെ യാത്ര ചെയ്യുന്നതില്‍ നിന്നു ഒഴിവാക്കുവാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഓണ്‍ലൈനില്‍ ചോദ്യം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നു. ജൂലൈ മുതല്‍ നിരവധി തവണ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഒരു തെളിവുപോലും കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞട്ടുമില്ല. എന്നിട്ടും അറസ്റ്റ് വാറണ്ട് ഇല്ലാതെ കസ്റ്റഡിയില്‍ എടുത്തത് ഏറെ ഗൗരവപരമായ ആരോപണം തന്നെയാണ്. രാജ്യസുരക്ഷയ്ക്കായി സ്ഥാപിക്കപ്പെടുന്ന അന്വേഷണ ഏജന്‍സികളില്‍ നിന്നു രാജ്യനന്മക്കായി നിലകൊള്ളുന്നവര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലായെന്ന് ഉറപ്പുവരുത്തണമെന്നും സിഎല്‍സി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഫാ. സ്റ്റാന്‍ ലൂര്ദു സ്വാമിക്കു നീതി ലഭിക്കും വരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്കുമെന്നു സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് പറഞ്ഞു. പ്രസിഡന്റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് പഞ്ഞിക്കാരന്‍ പ്രമേയം അവതരിപ്പിച്ചു. ട്രഷറര്‍ ബിജില്‍ സി. ജോസഫ്, വിനേഷ് കോളെങ്ങാടന്‍, ഡില്‍ജോ തരകന്, അനില്‍ പാലത്തിങ്കല്‍, ഷീല ജോയ്, ഡാനി ചെറുവത്തൂര്‍, നിയ തോമസ്, യു.വി. അല്‍ദോ, സജു തോമസ്, ജെസ്വിന് സോണി, റീത്ത ദാസ് എന്നിവര്‍ പ്രസംഗിച്ചു.