40 വര്‍ഷമായി തരിശിട്ടിരിക്കുന്ന മൂന്നാംകാട് പാടശേഖരം കതിരണിയും
കോണത്തുകുന്ന്: പൂക്കോട്ടുപുഴ നീര്‍ത്തടത്തില്‍ ഉള്‍പ്പെടുന്ന മൂന്നാംകാട് പാടശേഖരത്തില്‍ തോടുകളുടെ നവീകരണം പൂര്‍ത്തിയായി. ബണ്ടുകളിലെ ചോര്‍ച്ച കൂടി പരിഹരിച്ചാല്‍ 30 വര്‍ഷമായി തരിശിട്ടിരിക്കുന്ന പാടശേഖരം കൃഷിക്ക് ഒരുക്കാന്‍ കഴിയും. പടിയൂര്‍, പൂമംഗലം, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകളിലെ 600 ഏക്കറോളം വരുന്ന പൂക്കോട്ടുപുഴ പാടശേഖരങ്ങളില്‍ 245 ഏക്കര്‍ മൂന്നാംകാട് പാടമാണ്. 40 വര്‍ഷങ്ങള്‍ക്കു മുമ്പു കൃഷി നടന്നിരുന്ന പാടശേഖരമാണിത്. പാടശേഖരങ്ങളിലേക്കു ഉപ്പുവെള്ളം കയറാന്‍ തുടങ്ങിയതോടെയാണു കൃഷി അവസാനിപ്പിക്കേണ്ടി വന്നത്. ഉപ്പുവെള്ളം തടയാന്‍ നിര്‍മിച്ചിരുന്ന കെട്ടുച്ചിറയില്‍ എട്ടു വര്‍ഷം മുമ്പു കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്തിന്റെ കാലത്ത് മൂന്നു ഷട്ടറുള്ള സ്ലൂയിസ് നിര്‍മിച്ചു. എന്നാല്‍ സ്ലൂയിസിലെ ചോര്‍ച്ച മൂലം ഇപ്പോഴും പാടത്തേക്ക് ഉപ്പുവെള്ളം കയറുകയാണ്. പാടശേഖരത്തിലെ കൂനാംപാലം ബണ്ട് റോഡിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോകാന്‍ തുടങ്ങിയതോടെ റോഡ് ഇടിഞ്ഞ് റോഡിനു മുകളിലൂടെ ഉപ്പുവെള്ളം പാടശേഖരത്തിലേക്കു കയറാന്‍ തുടങ്ങി. വന്‍ തോതില്‍ ഉപ്പുവെള്ളം കയറാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. കൃഷി നടന്നിരുന്ന സമയത്ത് വന്‍ മത്സ്യ സമ്പത്ത് ഉണ്ടായിരുന്ന സ്ഥലമാണിത്. കൃഷി ഇല്ലാതായതോടെ മത്സ്യങ്ങളും കുറഞ്ഞു. പാടശേഖരം തരിശിട്ടതോടെ പൂക്കോട്ടുപുഴ മുതല്‍ കൈപ്പാലം വരെയുള്ള പ്രധാന തോടും ഇടതോടുകളും നികത്തപ്പെട്ടു നീരൊഴുക്ക് തടസപ്പെട്ടു. മൂന്നാംകാട് പാടശേഖരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാന സര്‍ക്കാരിന്റെ ജീവനോപാധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകള്‍ നവീകരിച്ചത്. 15 ലക്ഷം രൂപ ചെലവഴിച്ചു പ്രധാന തോടും ഇടത്തോടുകളും ആഴവും വീതിയും കൂട്ടി നവീകരിച്ചു. തോടുകളിലെ നീരൊഴുക്ക് ശക്തമായതാടെ ഇത്തവണ പ്രദേശത്തു വെള്ളം കയറിയിട്ടില്ല. കാര്‍ഷിക വികസനം ലക്ഷ്യമിട്ടു പ്രദേശത്തു രൂപീകരിച്ച അഗ്രികള്‍ചറല്‍ പ്രൊഡ്യൂസിംഗ് യൂണിറ്റ് മൂന്നാംകാട് പാടശേഖരത്തില്‍ കൃഷി പുനരാരംഭിക്കുന്നതിനു വിവിധ തലങ്ങളില്‍ നിന്നു സഹായം തേടുന്നുണ്ട്. പാടശേഖരത്തില്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നാംകാട് പാടശേഖത്തിലെ തോടുകള്‍ ആഴംകൂട്ടി നവീകരിച്ചതോടെ വെള്ളം കയറുന്ന പ്രശ്നത്തിനു വലിയ തോതില്‍ പരിഹാരമായി, കൃഷി ആരംഭിക്കുന്നതോടെ പ്രദേശത്ത് ശുദ്ധജല ലഭ്യത വര്‍ധിക്കുകയും മത്സ്യസമ്പത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകുമെന്ന് വാര്‍ഡ് അംഗം ഷിബിന്‍ ആക്ലിപറമ്പില്‍ പറഞ്ഞു.