കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍: വളവനങ്ങാടി മേനോന് കോളില്‍ ഉപ്പുവെള്ളം കയറി
കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍
വളവനങ്ങാടി മേനോന് കോളില്‍ ഉപ്പുവെള്ളം കയറി
പടിയൂര്‍: കെട്ടുചിറ, കൂനന്പാലം കെട്ടുകള്‍ കെട്ടാന്‍ വൈകിയതോടെ ഉപ്പുവെള്ളം കയറിയ പാടത്ത് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. വളവനങ്ങാടി മേനോന് കോളില്‍ 25 ഏക്കര്‍ പാടത്തെ കൃഷിയാണു കര്‍ഷകര്‍ ഉപ്പുവെള്ളം കയറിയതോടെ പാതിവഴിയില്‍ ഉപേക്ഷിച്ചത്. 20 ഓളം കര്‍ഷകരാണു ഇവിടെ കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 13 ഏക്കറില്‍ കൂടി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ രംഗത്തിറങ്ങുകയായിരുന്നു. ഇതിനായി ഒന്നേകാല്‍ ലക്ഷത്തോളം രൂപ ചെലവഴിച്ച് കര്‍ഷകര്‍ 800 മീറ്ററോളം ബണ്ട് കെട്ടി. കഴിഞ്ഞ വര്‍ഷം കൃഷി ചെയ്ത പാടത്തുനിന്ന് 65000 രൂപ ചെലവഴിച്ച് പുതിയ പെട്ടിയും പറയും കൊണ്ടുവെച്ചു. എന്നാല്‍ സമയത്തിനു കൂനന്പാലവും കെട്ടുചിറയും കെട്ടാത്തതിനാല്‍ ഉപ്പുവെള്ളം കയറി കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായി. തുലാം 10 നുള്ളിലാണു ഈ കെട്ടുകള്‍ കെട്ടേണ്ടിയിരുന്നതെന്നു കര്‍ഷകര്‍ പറഞ്ഞു. ഇതിനായി പലതവണ നിവേദനങ്ങളുമായി പഞ്ചായത്ത്, ബ്ലോക്ക് ഓഫീസുകളില്‍ കയറിങ്ങിയെങ്കിലും സമയത്തിനു കെട്ടാന്‍ അധികാരികള്‍ തയാറായില്ല. കര്‍ഷകരുടെ പരാതികളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണു കെട്ടുകള്‍ കെട്ടിയത്. എന്നാല്‍ ഇതിനകം ഉപ്പുവെള്ളം കയറിക്കഴിഞ്ഞതായി കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സമീപത്തെ കിണറുകളിലും ഉപ്പുവെള്ളം കയറിത്തുടങ്ങി. ഇതിനകം കൃഷിയുമായി മുന്നോട്ടുപോയ തെക്കോര്‍ത്ത് കോള്‍, ദേവസ്വം കോള്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ ഷണ്മുഖം കനാലില്‍ നിന്നു വെള്ളമെത്തിച്ച് കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ്.