കൂടല്‍മാണിക്യ തിരുവുത്സവം; വര്‍ധിച്ച് വരുന്ന തിരക്ക് കണക്കിലെടുത്ത് ക്രമീകരണങ്ങളിലും സംവിധാനങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്ന് അവലോകനയോഗം

കൂടല്‍മാണിക്യ ഉത്സവത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നടന്ന അവലോകനയോഗത്തില്‍ മന്ത്രി ഡോ. ആര്. ബന്ദു അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: പത്ത് ദിവസങ്ങളിലായി നടക്കുന്ന കൂടല്‍മാണിക്യ ഉത്സവത്തിന് വര്‍ധിച്ച് വരുന്ന ഭക്തജന തിരക്ക് കണക്കിലെടുത്ത് ക്രമീകരണങ്ങളിലും സംവിധാനങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്ന് തിരുവുല്‍സവ അവലോകനയോഗം . പോലീസും ഫയര്‍ഫോഴ്സും ആരോഗ്യ വകുപ്പും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ആവശ്യപ്പെട്ടു. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ സേവനം ഉറപ്പാക്കുമെന്നും പരിസരത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉല്‍സവത്തിന് മുമ്പ് തന്നെ പൂര്‍ത്തീകരിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന് രാജേഷ് യോഗത്തില്‍ അറിയിച്ചു.
ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ലിസ്റ്റും ഹെല്‍ത്ത് കാര്‍ഡുകളും നേരത്തെ ലഭ്യമാക്കണമെന്ന് യോഗത്തില്‍ വെറ്റിനറി ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ആവശ്യത്തിന് പോലീസ് സേനയെ വിന്യസിക്കുമെന്നും കൂടുതല്‍ വളണ്ടിയര്‍മാരെ സജ്ജമാക്കണമെന്നും ഡിവൈഎസ്പി കെ.ജി. സുരേഷ് ആവശ്യപ്പെട്ടു. ഒരു യൂണിറ്റ് പ്രവര്‍ത്തന സജ്ജമായി ഉണ്ടാകുമെന്ന് അഗ്നിശമനാ വിഭാഗം ഉദ്യോഗസ്ഥന് അറിയിച്ചു. ഉത്സവവുമായി ബന്ധപ്പെട്ട പന്തല്‍ പണികളില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുമെന്നും കെഎസ്ഇബി അധികൃതരും അറിയിച്ചു. കിഴക്കേ നടയില്‍ ഉള്ള ആനപ്പടി ഉത്സവത്തിന് മുമ്പ് അഞ്ച് മീറ്റര്‍ ഉയരത്തിലും അഞ്ച് മീറ്റര്‍ വീതിയിലും പൊളിച്ച് നീക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
ഉത്സവ ദിനങ്ങളില്‍ ക്ഷേത്രത്തിലും പരിസരങ്ങളിലും കുടിവെള്ളം മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഈ വര്‍ഷവും വീഴ്ചകള്‍ വരാതെ ശ്രദ്ധിക്കുമെന്നും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥന് അറിയിച്ചു. പ്രധാന കേന്ദ്രത്തില്‍ തന്നെ ആംബുലന്‍സ്, വീല്‍ ചെയര്‍ എന്നിവ സഹിതം ഫസ്റ്റ് എയ്ഡ് കേന്ദ്രം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗവും അറിയിച്ചു. യോഗത്തില്‍ ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.