നീരൊഴുക്ക് നിലച്ച് ഷണ്മുഖം കനാല്‍; ആശങ്കയില്‍ പടിയൂര്‍ നിവാസികള്‍
ഷണ്മുഖം കനാലില്‍ ചണ്ടിയും കുളവാഴയും നിറഞ്ഞ നിലയില്‍
കനാല്‍ നിറയെ ചണ്ടിയും കുളവാഴകളും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മാര്‍ക്കറ്റ് പരിസരത്തുനിന്നും ആരംഭിച്ച് ഇരിങ്ങാലക്കുട നഗരസഭ, പൂമംഗലം, പടിയൂര്‍ എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകി പടിഞ്ഞാറ് കനോലി കനാലില്‍ കാക്കാത്തുരുത്തി പുഴയില്‍ അവസാനിക്കുന്ന ഷണ്മുഖം കനാല്‍ പണ്ട് നാട്ടുകാര്‍ക്കെല്ലാം ഒരഭിമാനമായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥ മറിച്ചാണ്. ഷണ്മുഖം കനാല്‍ അടക്കം പ്രധാന കനാലുകളിലും തോടുകളിലും ചണ്ടിയും കുളവാഴയും നിറഞ്ഞ് കിടക്കുന്നതുമൂലം നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.
കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ കനാലുകളിലെയും തോടുകളിലെയും ചണ്ടിയും കുളവാഴയും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യം ഉയര്‍ന്നീട്ടുണ്ട്. കഴിഞ്ഞ രണ്ട് പ്രളയത്തിലും തോടുകള്‍ കവിഞ്ഞ് ഒഴുകാന്‍ കാരണം ചണ്ടിയും കുളവായും വന്നടിഞ്ഞതാണ്. കനാലില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ട്. വീടുകളുടെ വാതിലുകളും ജനലുകളും തുറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. കനാല്‍ കടന്നുപോകുന്ന താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ അവസ്ഥ വളരെ ദുരിതപൂരിതമാണ്.
കയ്യേറിയതോടെ കനാലിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ നീര്‍ച്ചാലായി മാറിയിരിക്കുകയാണ്. ഇതു മൂലം എഴുപത്തിയഞ്ച് വര്‍ഷം മുമ്പ് കനാല്‍ നിര്‍മാണ സമയത്ത് ഉണ്ടായിരുന്ന വീതി ഇപ്പോള്‍ കനാലിനില്ല. നഗരത്തിലെയും സമീപ പ്രദേശത്തെ പഞ്ചായത്തുകളിലെയും എല്ലാ ചെറു തോടുകളും വന്നു ചേരുന്നത് ഈ ഷണ്മുഖം കനാലിലേക്കാണ്. പല വീടുകളിലെയും സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകുന്നത് ഈ കനാലിലേക്കാണ്.
കനാലില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിരിക്കുന്ന സ്ഥലങ്ങളില്‍ കൊതുകുകളുടെ പ്രജനനം ഇപ്പോള്‍ തന്നെ അധികമാണെന്നു കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ കിണറുകളിലേ വെള്ളവും മലിനമായിത്തുടങ്ങി. പകര്‍ച്ചാവ്യാധികളും ഗുരുതര രോഗങ്ങളും പകരാന്‍ സാധ്യതയേറെയാണെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. കനാല്‍ വൃത്തിയാക്കുന്ന നടപടികള്‍ കടലാസില്‍ മാത്രമൊതുങ്ങിയ സ്ഥിതിയാണിപ്പോള്‍. എടതിരിഞ്ഞി പാപ്പാത്തുമുറി പ്രദേശത്തെ പഴയ പാലത്തിനു സമീപം ചണ്ടിയും കുളവാഴയും നിറഞ്ഞ് നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ്.
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നത് പതിവാണ്. വേനല്‍മഴയില്‍ തന്നെ പാടശേഖരങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തുനിന്നും പൂമംഗലം പഞ്ചായത്തില്‍നിന്നും കനാല്‍ വഴി മാലിന്യം വന്ന് അടിഞ്ഞുകൂടുന്നത് പടിയൂര്‍ പ്രദേശത്താണ്. കനാലിന്റെ കുറച്ചു ഭാഗം മാത്രമാണ് പടിയൂര്‍ പഞ്ചായത്തിന്റെ കീഴിലുള്ളതെങ്കിലും എല്ലാ മാലിന്യങ്ങളും വന്നടിയുന്നതിന്റെ സകലദുരിതവും അനുഭവിക്കേണ്ടിവരുന്നത് പടിയൂര്‍ പഞ്ചായത്തിലുള്ളവര്‍ക്കാണ്.
കെട്ടിക്കിക്കുന്ന വെള്ളത്തില്‍ കൊതുക് പെറ്റുപെരുകാനുള്ള സാധ്യതയുള്ളതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പടിയൂര്‍ പഞ്ചായത്ത് പ്രദേശം മാത്രം വൃത്തിയാക്കിയാല്‍ അവസാനിക്കുന്ന പ്രശ്നമല്ല ഇപ്പോഴുള്ളതെന്നും നഗരസഭയും പൂമംഗലം പഞ്ചായത്തും കനാല്‍ വൃത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്നസെന്റ് നാടകോത്സവത്തിന് കൊടികയറി
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനം ആചരിച്ചു
പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ 15, 16 തിയതികളില്‍
എംഎല്‍എ ആയിട്ട് 25 വര്‍ഷം: അഡ്വ. തോമസ് ഉണ്ണിയാടനെ അഭിനന്ദിച്ച് യുഡിഎഫ്
ഇരിങ്ങാലക്കുട രൂപതയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ സംഗമം നടത്തി
അറിവിന്റെ നിറവെളിച്ചം പകര്‍ന്ന്; ശതാബ്ദിയുടെ നിറവില്‍ തുമ്പൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍പി സ്കൂള്‍