കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങളെ കേന്ദ്രമന്ത്രി സുരേഷ്ഗോപി കണ്ടു സംസാരിച്ചു, സഹായങ്ങള്‍ വാഗ്ദാനം ചെയ്തു

മാപ്രാണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആത്മഹത്യ ചെയ്തവരുടെ മൂന്നു കുടുംബാംഗങ്ങളെ കണ്ടു സംസാരിച്ചു സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. മാപ്രാണം പള്ളിക്ക് സമീപമുള്ള ഏറാട്ട്പറമ്പില്‍ ദേവസിയുടെ വസതിയില്‍ വച്ച് ഇന്നലെ രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ ആലപ്പാടന്‍ ജോസ്, തളിയക്കാട്ടില്‍ മുകുന്ദന് എന്നിവരുടെ കുടുംബാംഗങ്ങളെയാണ് അദ്ദേഹം കണ്ടത്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നിക്ഷേപ തുകകള്‍ അടക്കമുള്ളവ തിരികെ ലഭിക്കാനുള്ളവരുടെ വിവരങ്ങള്‍ തയാറാക്കി കൊടുക്കുവാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞതായി ഏറാട്ട്പറമ്പില്‍ ദേവസ്സി പറഞ്ഞു. കേന്ദ്ര ഹോം മിനിസ്ട്രിയിലേക്ക് ഇത് കൊടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞതായി ദേവസി അറിയിച്ചു.
മറ്റെല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്നും സുരേഷ് ഗോപിയുടെ ഇടപെടലില്‍ താന്‍ അടക്കമുള്ള സഹകാരികള്‍ക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, മുന്‍ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, ഭാരവാഹികളായ രമേഷ് അയ്യര്‍, ജോജന്‍ കൊല്ലാട്ടില്‍, ടി.ഡി. സത്യദേവ്, ശ്യാംജി മാടത്തിങ്കല്‍, ലിഷോണ്‍ ജോസ്, ലാമ്പി റാഫേല്‍, ടി. രമേഷ്, അജീഷ് പൈക്കാട്ട്, ശ്രീജേഷ് എന്നിവര്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു.
