ഇന്നസെന്റ് പുരസ്കാരം ദേശീയ അവാര്‍ഡ് ജേതാവ് സിനിമാതാരം സലിംകുമാറിന് സമ്മാനിക്കും

ഇന്നസെന്റ് സ്മൃതി സംഗമം മാര്‍ച്ച് 26 ന്
ഇരിങ്ങാലക്കുട : ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇന്നസെന്റ് സ്മൃതി സംഗമം മാര്‍ച്ച് 26ന് സംഘടിപ്പിക്കും. മുന്‍ പാര്‍ലമെന്റ് അംഗവും, വിവിധ വേഷ പകര്‍ച്ചകളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രശസ്ത സിനിമാതാരവുമായിരുന്ന വേര്‍പിരിഞ്ഞ മഹാനടന് ഇന്നസെന്റിന്റെ സ്മൃതി സംഗമം 26ന് വൈകിട്ട് ആറിന് ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നടക്കുന്നത്. സ്മൃതി സംഗമ സമ്മേളനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു ഉദ്ഘാടനം ചെയ്യും.
ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണുക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തും. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. ഇടവേള ബാബു, കലാഭവന്‍ ജോഷി അടക്കമുള്ള സിനിമാതാരങ്ങളും, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, പ്രതിപക്ഷനേതാവ് അഡ്വ. കെ.ആര് വിജയ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെളളാനിക്കാരന്‍, ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍ സ്വാഗതവും, ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ നന്ദിയും പറയും. കലാലോകത്തിന് നല്കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി, കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവസാന്നിധ്യവുമായ, ദേശീയ അവാര്‍ഡ് ജേതാവുമായ സലിംകുമാറിനെ സമഗ്ര സംഭാവനക്കുള്ള രണ്ടാമത് ഇന്നസെന്റ് പുരസ്കാരം നല്കി ആദരിക്കും.
ഇന്നസെന്റിന്റെ വിവിധ സിനിമകളിലെ ഗാനങ്ങളെ കോര്‍ത്തിണക്കിയ സംഗീതവിരുന്നും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് ലിയോ താണിശ്ശേരിക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍, ജോ. കണ്‍വീനര്‍മാരായ സൈഗണ്‍ തയ്യില്‍, ലൈജു വര്‍ഗ്ഗീസ്, സെക്രട്ടറി നിതീഷ് കാട്ടില്‍, ട്രഷറര്‍ ബിബിന്‍ രവി, എക്സിക്യൂട്ടീവ് അംഗങ്ങളായ മയൂഫ് കെ.എച്ച്, സെന്റില്കുമാര് എം.വി, ഷിബിന്‍ എന്നിവര്‍ പങ്കെടുത്തു.