പ്രളയവും പ്രതിസന്ധികളും തളര്‍ത്താതെ കൂട്ടായ്മയിലൂടെ മണ്ണില്‍ പൊന്നുവിളയിച്ച് കര്‍ഷകസംഘം
തരിശിടാന്‍ അനുവദിക്കില്ല ഞങ്ങള്‍…..
കാട്ടൂര്‍ തെക്കുംപാടം എടതിരിഞ്ഞി മേഖല ഗ്രൂപ്പ് ഫാമിംഗ് പാടശേഖരത്തില്‍ വിത്തിറക്കി
പടിയൂര്‍: പ്രളയത്തിനും പ്രതിസന്ധികള്ക്കുമൊന്നും നെല്‍കൃഷിയെ തകര്‍ക്കാന്‍ കഴിയില്ലെന്നു തെളിയിക്കുകയാണു എടതിരിഞ്ഞി മേഖലയിലെ ഒരു കൂട്ടം കര്‍ഷകര്‍. കാട്ടൂര്‍ തെക്കുംപാടം പാടശേഖരത്തിലാണ് ‘എടതിരിഞ്ഞി മേഖല ഗ്രൂപ്പ് ഫാമിംഗ്’ എന്ന പേരില്‍ ഒരു കൂട്ടം കര്‍ഷകര്‍ സംഘമായി നെല്ല് കൃഷി ചെയ്യുന്നത്. ഈ വര്‍ഷത്തെ വിത്തിറക്കല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് നിര്‍വഹിച്ചു. 120 ഹെക്ടര്‍ സ്ഥലത്ത് 92 കര്‍ഷകരാണു കഴിഞ്ഞ 33 വര്‍ഷമായി സംഘത്തിനു കീഴില്‍ കൃഷി ചെയ്യുന്നത്. 1987 മുതല്‍ തുടര്‍ച്ചയായി കര്‍ഷക കൂട്ടായ്മ ഗ്രൂപ്പ് ഫാമിംഗ് നടത്തിവരുന്നു. വിതയ്ക്കാതെ ഞാറു നടുന്നതാണു രീതി. വിത്തുസംഭരണം മുതല്‍ നെല്ല് കയറ്റിയയക്കുന്നതുവരെ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ്. ഇവരെ സഹായിക്കാന്‍ അതിഥി തൊഴിലാളികളുമുണ്ട്.
ഒരു നെല്ലും ഒരു മീനും പദ്ധതിയും
ഒരിഞ്ച് നിലംപോലും തരിശിടാന്‍ സംഘം അനുവദിക്കില്ല. ആരെങ്കിലും കൃഷി നടത്തിയില്ലെങ്കില്‍ സംഘം ഇടപെട്ട് മറ്റൊരാളെ ഉപയോഗിച്ച് ആ പാടത്ത് വിത്തിറക്കും. ഓരോ വര്‍ഷവും പൊതുയോഗത്തില്‍ പണിയാത്ത ആളുകളുടെ ലിസ്റ്റ് വരും. അതനുസരിച്ച് കൃഷി ചെയ്യാന്‍ തയാറായവര്‍ക്കു വീതിച്ചു നല്കുകയാണു ചെയ്യുന്നത്. സര്‍ക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതിയും കഴിഞ്ഞ രണ്ടു വര്‍ഷമായി നടപ്പിലാക്കിവരുന്നു. മധുരംചാലില് മൂന്നു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണു നിക്ഷേപിച്ചിരിക്കുന്നത്.