മത്സ്യക്കുഞ്ഞുങ്ങളെ ലഭിച്ചില്ല: കാത്തിരിപ്പിനു ആറുമാസം
ഇരിങ്ങാലക്കുട: ജനകീയ മത്സ്യകൃഷിപദ്ധതി പ്രകാരം കര്‍ഷകര്‍ക്കു നല്‍കേണ്ട മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം നാളിതുവരെയും നടന്നില്ലെന്നു ആക്ഷേപം. ഫിഷറീസ് വകുപ്പ് മത്സ്യകര്‍ഷകര്‍ക്കു സൗജന്യമായി നല്കുന്ന കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണമാണു മാസങ്ങളായി നീണ്ടുപോകുന്നത്. മുകുന്ദപുരം താലൂക്കിനു കീഴിലുള്ള വിവിധ പഞ്ചായത്തുകളിലാണു മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കാന്‍ താമസം നേരിടുന്നത്. ആറുമാസം മുമ്പാണു കര്‍ഷകരില്‍ നിന്നു അതിനുള്ള അപേക്ഷകള്‍ പഞ്ചായത്തുതലത്തില്‍ സ്വീകരിച്ചത്. ജൂണ്‍, ജൂലായ് മാസങ്ങളിലാണു മത്സ്യക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്കു വിതരണം ചെയ്യുക പതിവ്. എന്നാല്‍ ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലുള്ള കര്‍ഷകര്‍ക്കു മത്സ്യക്കുഞ്ഞുങ്ങളെ ലഭിച്ചില്ല. അഞ്ഞൂറിലേറെ കര്‍ഷകരാണു വിവിധ പഞ്ചായത്തുകളിലായി അപേക്ഷ നല്കി കാത്തിരിക്കുന്നത്. മത്സ്യകൃഷി വിളവെടുപ്പിനു സമയമായിട്ടും കുഞ്ഞുങ്ങളെ ലഭിക്കാത്തതില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു. ചാലക്കുടി താലൂക്കില്‍ വിവിധ പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം നടത്തിയപ്പോള്‍ മുകുന്ദപുരം താലൂക്കില്‍ ഒരിടത്തുപോലും മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിട്ടില്ലെന്നു കര്‍ഷകര്‍ ആരോപിച്ചു. മത്സ്യകര്‍ഷകര്‍ക്കുള്ള പ്രളയസഹായവും ലഭിച്ചില്ലെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി. മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കാത്തതിനെതിരെ വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്കുമെന്നു കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍, കോവിഡിനെത്തുടര്‍ന്ന് മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കാനുണ്ടായ താമസമാണു വിതരണം വൈകാന്‍ കാരണമെന്നാണു ഉദ്യോഗസ്ഥര്‍ പറയുന്നത്.