മാപ്രാണം തിരുനാൾ; തിരി തെളിയിക്കൽ ഭക്തിസാന്ദ്രം, ദേവാലയം ദീപാലങ്കാര പ്രഭയിൽ
മാപ്രാണം: മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന കേന്ദ്രത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാളിന്റെ ഭാഗമായുള്ള തിരിതെളിയിക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി. കോഴിക്കോട് രൂപത ബിഷപ് റവ. ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് രാത്രി എട്ടിന് ഉണ്ണിമിശിഹാ കപ്പേളയിൽ നിന്ന് പുഷ്പകുരിശു ഏഴുന്നള്ളിപ്പും ഉണ്ടായിരുന്നു.
സെന്റ് ജോൺ കപ്പേളക്കു സമീപം ഉയർത്തിയിട്ടുള്ള ബഹുനില പന്തലിന്റെ ദീപാലങ്കാരം വികാരി ഫാ. ജോയ് കടമ്പാട്ടും, ഹോളിക്രോസ് ദേവാലയത്തിലെ മുഖവാരത്തിന്റെ ദീപാലങ്കാരം പള്ളിയങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാറും സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
തിരുനാൾ ദിനമായ ഇന്ന് രാവിലെ 6.30 നും 7.30 നും ഉച്ചകഴിഞ്ഞ് മൂന്നിനും ദിവ്യബലി. രാവിലെ 10 ന് നടക്കുന്ന ദിവ്യബലിക്ക് തൃശൂർ മെട്രോപോളിറ്റൻ കത്തീഡ്രൽ വികാരി ഫാ. ഡേവീസ് പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോസഫ് പുത്തൻപുരക്കൽ സന്ദേശം നൽകും. ഉച്ചകഴിഞ്ഞ് നാലിന് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം വൈകിട്ട് ഏഴിനു സമാപിക്കും. തുടർന്ന് വർണമഴ.
വിശുദ്ധ റോസ പുണ്യവതിയുടെ തിരുനാൾ ദിനമായ നാളെ വൈകീട്ട് അഞ്ച് മണിയുടെ ദിവ്യബലിക്ക് സഹൃദയ എൻജനീയറിംഗ് കോളജ് ഡയറക്ടർ റവ. ഡോ. ആന്റോ ചുങ്കത്ത് മുഖ്യ കാർമികത്വം വഹിക്കും. തുടർന്നുള്ള പ്രദക്ഷിണത്തിനുശേഷം രാത്രി ഏഴിന് പള്ളി മൈതാനത്ത് ചൊവ്വല്ലൂർ മോഹന്റെ നേതൃത്വത്തിൽ 101 മേളക്കാർ പങ്കെടുക്കുന്ന മേളവിസ്മയം. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു മേള വിസ്മയം ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ജോയ് കടമ്പാട്ട്, അസിസ്റ്റൻറ് വികാരി ഫാ. ജിനോ തെക്കിനിയത്ത്, ട്രസ്റ്റിമാരായ ജോൺ പള്ളിത്തറ, വിൻസെൻറ് നെല്ലെപ്പിള്ളി, അനൂപ് അറക്കൽ, പബ്ലിസിറ്റി കൺവീനർ ബിജു തെക്കേത്തല എന്നിവർ നേതൃത്വം നൽകും.