കൗമാര ശാസ്ത്രഭാവനകള്‍ ചിറകുവിടര്‍ത്തി; റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിനു തുടക്കമായി
ഇരിങ്ങാലക്കുട: കൈവിരലുകള്‍ തീര്‍ത്ത വിസ്മയങ്ങളും പാഴ്വസ്തുക്കളില് വിരിഞ്ഞ അലങ്കാരവസ്തുക്കളും കുട്ടിശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങളും ഇളംതലമുറയുടെ കുഞ്ഞുകുഞ്ഞു നിര്‍മാണ മാതൃകകളുമായി റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിനു ഇരിങ്ങാലക്കുടയില്‍ തുടക്കമായി. പാഴ്വസ്തുക്കള്‍കൊണ്ട് ഉപയോഗപ്രദമായ ഒട്ടേറെ വസ്തുക്കളാണ് കുരുന്നുഭാവനയില്‍ രൂപംകൊണ്ടത്. ശാസ്ത്രവും ഗണിതവും ഭാവനയും ഒത്തുചേര്‍ന്നപ്പോള്‍ കുരുന്നുകള്‍ വിരിയിച്ച വിസ്മയങ്ങള്‍ കാഴ്ചക്കാര്‍ക്കും അതിശയമായി.
സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെയും എക്സ്പോയുടേയും ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ടി.എന്‍. പ്രതാപന് എംപി നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൊക്കേഷണല്‍ എക്സ്പോ സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസണ്‍ എംഎല്‍എ മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. എഇഒ ഡി. ഷാജിമോന്‍, മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വിഎച്ച്എസ്ഇ തൃശൂര്‍ മേഖല അസി. ഡയറക്ടര്‍ പി. നവീന എന്നിവര്‍ പ്രസംഗിച്ചു.
ശാസ്തോത്സവം ഇന്ന് (നവംബര്‍ 8)
സയന്‍സ് മേള
ലിറ്റില്‍ ഫഌര്‍ സ്കൂള്‍
രാവിലെ 9.30 എച്ച്എസ്എസ്/വിഎച്ച്എസ്എസ് വിഭാഗം
വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, റിസര്‍ച്ച് ടൈപ്പ് പ്രോജക്ട് ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ്, ടീച്ചിംഗ് എയ്ഡ്, ടീച്ചേഴ്സ് പ്രോജക്ട്
യുപി വിഭാഗം
ടീച്ചിംഗ് എയ്ഡ്, ടീച്ചേഴ്സ് പ്രോജക്ട്
ഗണിതമേള
ഡോണ്‍ബോസ്കോ സ്കൂള്‍
രാവിലെ 9 എച്ച്എസ്എസ് വിഭാഗം
നമ്പര്‍ ചാര്‍ട്ട്, ജ്യോമെട്രിക്കല്‍ ചാര്‍ട്ട്, അദര്‍ ചാര്‍ട്ട്, സ്റ്റല! മോഡല്‍, വര്‍ക്കിംഗ് മഡല്, പസില്‍, ഗെയിം, പ്യുവര്‍ കണ്‍സ്ട്രക്ഷന്‍, അപ്ലൈഡ് കണ്‍സ്ട്രക്ഷന്‍, സിംഗിള്‍ പ്രൊജക്ട്, ഗ്രൂപ്പ് പ്രൊജക്ട്, മാഗസിന്, ടീച്ചിംഗ് എയ്ഡ്
സാമൂഹ്യശാസ്ത്രമേള
രാവിലെ 10 വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, പ്രാദേശിക ചരിത്രരചന അഭിമുഖം, ടീച്ചിംഗ് എയ്ഡ്
മേള ഇന്ന് സമാപിക്കും
ഇരിങ്ങാലക്കുട: റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്ര ഗണിത ഐടി പ്രവൃത്തി പരിചയമേള ഇന്നു സമാപിക്കും. വൈകീട്ട് അഞ്ചിന് വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് സമ്മാനദാനം നിര്‍വഹിക്കും. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ആദരണം നിര്‍വഹിക്കും. മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന്, ജെയ്സണ്‍ പാറേക്കാടന്‍, കൗണ്‍സിലര്‍മാരായ ഒ.എസ്. അവിനാശ്, അഡ്വ. കെ.ആര്. വിജയ എന്നിവര്‍ പ്രസംഗിക്കും.
സ്ത്രീസുരക്ഷയ്ക്കായി ഷോക്ക് ചപ്പല്‍
സത്രീസുരക്ഷയ്ക്കായി പെരിഞഞനം ആര്എംവിഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍ രൂപകല്പന ചെയ്തഷോക്ക് ചപ്പല്‍ വൊക്കേഷണല്‍ എകസ്പോയിലെ കൗതുകക്കാഴ്ചയായി. തങ്ങളുടെ കൂട്ടുകാരികള്‍ പലയിടങ്ങളിലും കൊച്ചു കൊച്ചു ഉപദ്രവങ്ങള്ക്കിരയാകുന്നതായി പറയാറുണ്ടെന്നും അതിന് തങ്ങളാല്‍ കഴിയുംവിധം ഒരു പ്രതിവിധിയാണ് ഈ ഷോക്ക് ചപ്പല്‍ പ്രയോഗമെന്നും കുഞ്ഞുശാസ്ത്രജ്ഞന്മാരായ ഇ.എ. സൂര്യദേവ്, സിനാന് പി. സിദ്ദിഖ് എന്നിവര്‍ പറഞ്ഞു. ആരെങ്കിലും ഒരു ബാഡ്ടച്ച് ചെയ്താല്‍ ഉടന്‍ ചെരിപ്പ് ഊരി ദേഹത്തെവിടെയെങ്കിലും സ്പര്‍ശിച്ചാല്‍ പെട്ടന്നൊരു ഷോക്ക് (തരിപ്പ്) ഏല്‍ക്കുന്നതോടെ അയാള്‍ പിറകോട്ടുമാറും. അതോടെ ഓടി രക്ഷപ്പെടുകയോ അലറിവിളിച്ച് ആളെക്കൂട്ടുകയോ ചെയ്യാമെന്നതാണ് ഇതിന്റെ ഉപയോഗമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. മൂന്ന് വോള്‍ട്ട് വൈദ്യുതിയേ ഈ ലേഡീസ് ചപ്പലിലുള്ളൂ. അതിനാല്‍ ഒരിക്കലും മാരകമായ അപകടം സംഭവിക്കില്ലെന്നും ചെറിയൊരു പൊടിക്കൈ മാത്രമാണിതെന്നും വിദ്യാര്‍ഥികള്‍ വിശദീകരിക്കുന്നു.
മഴ ചതിച്ചാശാനേ……
മഴയില്‍ കുതിര്‍ന്ന് ശാ്ത്രമേള
ഇരിങ്ങാലക്കുട: തുലാമഴ രൗദ്രഭാവം പൂണ്ടതോടെ ഇരിങ്ങാലക്കുടയില്‍ നടന്ന ജില്ലാ ശാസ്ത്രോത്സവം താളംതെറ്റി. മത്സരയിനങ്ങളില്‍ പങ്കെടുത്ത പല വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കണ്ണു നനഞ്ഞു. ജഡ്ജസ് പലയിനങ്ങളുടെയും വിധിനിര്‍ണയം നടത്തിയതു കുടചൂടിയായിരുന്നു. പലയിടങ്ങളിലും മഴവെള്ളം പ്ലാറ്റ്ഫോമിലേക്കു കയറി. മത്സരയിനങ്ങള്‍ മഴയില്‍ കുതിര്‍ന്നു.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ക്ലേ മോഡലിംഗ് വേദിയില്‍ വിദ്യാര്‍ഥികള്‍ കണ്ണീരണിഞ്ഞത് നൊന്പരക്കാഴ്ചയായി. ആനയും പാപ്പാനും ആയിരുന്നു മത്സരവിഷയം.
പത്തേകാലിന് ആരംഭിച്ച മത്സരം ഒന്നേകാലോടെ തീര്‍ന്ന് വിധിനിര്‍ണയം നടത്തി നിമിഷങ്ങള്‍ക്കകമായിരുന്നു മഴ. ശക്തമായ മഴയില്‍ വെള്ളം ഒഴുകിയെത്തിയതോടെ പലരുടെയും ആനയും പാപ്പാനും മറിഞ്ഞുവീണു. ആനയുടെ തുമ്പിക്കെ ഒടിഞ്ഞു. ചിലത് പൂര്‍ണമായും തകര്‍ന്നു. ഒരാള്‍ക്കു പോലും ഉണ്ടാക്കിയ സാധനങ്ങള്‍ കൊണ്ടുപോകാനായില്ല. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് നിര്‍മിച്ച മിഴിവാര്‍ന്ന രൂപങ്ങളും ഉപേക്ഷിക്കപ്പെട്ടു.
നെറ്റ് മേക്കിംഗ് വേദിയില്‍ നിര്മാണോത്പ്പന്നങ്ങള് അഴിച്ചെടുത്ത് വെള്ളം പിഴിഞ്ഞുകളയേണ്ടിവരികയും ചെയ്തു. നാലു മണിവരെ നീണ്ടുനിന്ന ഴ തീരുമ്പോഴേക്കും മത്സരാര്‍ഥികള്‍ വീടെത്താനുള്ള ബദ്ധപ്പാടില്‍ സാധനസാമഗ്രികളും കൊണ്ട് കിട്ടിയ വണ്ടിയില്‍ പുറപ്പെടുന്നതു കാണാമായിരുന്നു.
റവന്യൂ ജില്ലാ ശാസ്ത്രമേള; കൊടുങ്ങല്ലൂര്‍ ഉപജില്ല മുന്നില്‍
റവന്യൂ ശാസ്ത്രമേളയില്‍ 932 പോയിന്റുകളുമായി ആദ്യദിനത്തില്‍ കൊടുങ്ങല്ലൂര്‍ ഉപജില്ലയാണ് മുന്നില്‍. 860 പോയിന്റുമായി തൃശൂര്‍ വെസ്റ്റ് ഉപജില്ല രണ്ടാം സ്ഥാനത്തും 853 പോയിന്റുമായി ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. സ്കൂള്‍ വിഭാഗത്തില്‍ 265 പോയിന്റുമായി പനങ്ങാട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനത്തും 199 പോയിന്റുമായി ചെന്ത്രാപ്പിന്നി ഹൈസ്കൂളും 192 പോയിന്റുമായി ചാലക്കുടി സേക്രഡ് ഹാര്‍ട്ട് സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
ദൃശ്യവിരുന്നായി ഫാഷന്‍ ഷോ
ഇരിങ്ങാലക്കുട: ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന വൊക്കേഷണല്‍ എക്സ്പോയില്‍ ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫാഷന്‍ഷോ വേറിട്ട കാഴ്ചയായി. മോസ്റ്റ് മാര്‍ക്കറ്റബിള്‍ വിഭാഗത്തില്‍ അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് (എഎഫ്ഡി) വിഭാഗത്തിലാണ് ഗേള്‍സിലെ കുട്ടികള്‍ മത്സരിച്ചത്. പുതിയ ട്രെന്‍ഡി ഡ്രസ്സുകള്‍ സ്വയം രൂപകല്പന ചെയ്ത് അവര്‍ തന്നെ തയ്ച്ച് അവര്‍തന്നെ മോഡലായി അവ ധരിച്ചുവെന്നതാണ് മറ്റുള്ളവരില്‍ നിന്ന് ഈ ടീമിനെ വ്യത്യസ്തമാക്കിയത്. മാന്യുക്യുര് ഒരെണ്ണം മാത്രമേ ലഭ്യമായുള്ളൂവെന്നതിനാലാണ് കുട്ടികള്‍തന്നെ മോഡലായി മാറുവാന്‍ ഇടയാക്കിയതെന്ന് ഇവര്‍ക്കു നേതൃത്വം നല്കിയ വൊക്കേഷണല്‍ അധ്യാപകരായ രേഖയും സെലീനയും പറഞ്ഞു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ കുട്ടികള്‍തന്നെ തയ്ച്ചെടുത്ത മോടിയായ വസ്ത്രങ്ങള്‍ അധികമുള്ളതിനാല്‍ അവര്‍തന്നെ ഒരു ഫാഷന്‍ ഷോയും ഇതിനിടെ സംഘടിപ്പിച്ചു. പുതുമയാര്‍ന്ന വസ്ത്രങ്ങളുടെ ഈ അവതരണം കാഴ്ചക്കാര്‍ക്ക് ദൃശ്യ വിരുന്നായി മാറി.
കൊതിയൂറും വിഭവങ്ങളൊരുക്കി കുഞ്ഞുപാചകറാണിമാര്
വീട്ടടുക്കളയില്‍ തങ്ങള്‍ക്ക് വലിയ റോളില്ലെങ്കിലും ശാസ്ത്രോത്സവത്തില്‍ ഒന്നൊന്നര പാചകക്കാരാണെന്ന് കുരുന്നുകള്‍ തെളിയിച്ചു. ആരോഗ്യകരമായ ഭക്ഷണമൊരുക്കുന്നതിന്റെ പാചകപ്പുരയായി സെന്റ് മേരീസ് സ്കൂള്‍ അങ്കണം. ശാസ്ത്രോത്സവത്തോടനുബന്ധിച്ചു ചെലവു കുറഞ്ഞ പോഷകാഹാരങ്ങള്‍ രുചിഭേദങ്ങളോടെ എന്ന ആശയത്തില്‍ നടന്ന ഭക്ഷണ പാചക മത്സരമാണ് നാടന്‍ വിഭവങ്ങളുടെ പരീക്ഷണശാലയായി മാറിയത്. ചിലര്‍ കഞ്ഞിയും പയറുമടക്കമുള്ള നാടന്‍ ഭക്ഷണമൊരുക്കിയപ്പോള് ചിലര്‍ ഇലക്കറികള്‍ക്കും നാരുകലര്ന്ന വിഭവങ്ങള്‍ക്കും പ്രാധാന്യം നല്കി.
മൂന്നു മണിക്കൂറിനുള്ളില്‍ പല മേശകളിലും നിറഞ്ഞത് അന്‍പതിലധികം വിഭവങ്ങള്‍. പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും പരിഹാരമായുള്ള വിഭവങ്ങളും പാനീയങ്ങളും വരെ നിര്‍മിച്ച് കുട്ടികള്‍ ശ്രദ്ധ നേടി.
ചെങ്ങാലൂര്‍ സെന്റ് മേരീസ് എച്ച്എസ് പത്താംക്ലാസ് വിദ്യാര്‍ഥിനി ആന്മരിയ സെബി വ്യത്യസതമായ വിഭങ്ങളാണ് തയാറാക്കിയത്. പപ്പായ ജാം, ഓറഞ്ച് സ്ക്വാഷ്, ടൊമാറ്റോ സോസ്, മാങ്ങ അച്ചാര്‍, ഈന്തപ്പഴം അച്ചാര്‍, വാഴമാങ്ങ് അച്ചാര്‍, വെജിറ്റബിള്‍ സൂപ്പ്, സ്വീറ്റ്കോണ് സൂപ്പ്, വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, മുളപ്പിച്ച വെജിറ്റബിള്‍ സാലഡ്, ചേമ്പിന് കൂമ്പ് ഉലത്തിയത്, വാഴക്കുടപ്പന്‍ തോരന്‍ എന്നീ പതിനൊന്ന് വിഭവങ്ങളാണ് ഈ മിടുക്കി തയ്യാറാക്കിയത്.
ചെറുധാന്യങ്ങള്‍ അത്ര ചെറുതല്ല; കുതിരവാലിയുള്പ്പടെ
നവ ധാന്യശേഖരവുമായി ആല്‍ഫിയയും നന്ദനയും
ഇന്ത്യയില്‍ ലഭ്യമായ ഒമ്പതു ചെറുധാന്യങ്ങളുടെ ശേഖരവുമായിട്ടാണ് ചൂണ്ടല്‍ എല്ഐജിഎച്ച്എസില് നിന്ന് പത്താംതരം വിദ്യാര്‍ഥികളായ സി.ആര്. ആല്‍ഫിയയും നന്ദന ബ്രിജേഷും ഇരിങ്ങാലക്കുടയിലെ റവന്യു ജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തിലെത്തിയത്. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. ചൂണ്ടല്‍ പഞ്ചായത്തില്‍ സര്‍വെ നടത്തി കൃഷി ഓഫീസറുമായി ബന്ധപ്പെട്ട് കൃഷിയെക്കുറിച്ച് പഠിച്ച് ഇവര്‍ കൃഷി ചെയ്യാന്‍ ആംഭിച്ചു. തുടര്‍ന്ന് ഡയറ്റീഷ്യനുമായി ബന്ധപ്പെട്ട് പോഷകസമൃദ്ധിയെപ്പറ്റിയും ആരാഞ്ഞു. ചെറുധാന്യ ശേഖരത്തിലെ അപൂര്‍വ ഇനമായ കുതിരവാലി എന്ന ധാന്യമടക്കം റാഗി, വരക്, പനിവരക്, ചാമ, തിന, ബജ്റ, മണിച്ചോളം, കമ്പ്, കൊറേലി എന്നീ ചെറുധാന്യങ്ങളുടെ പൂക്കുലകളാണ് പ്രദര്‍ശിപ്പിച്ചത്. ബയോളജി അധ്യാപിക ദീപ ടീച്ചറുടെ നേതൃത്വത്തിലാണ് ഇവ കൃഷി ചെയ്തത്. മാത്രമല്ല ഈ ധാന്യങ്ങളെക്കൊണ്ട് പാചകം ചെയ്ത നിരവധി ഭക്ഷ്യവസ്തുക്കളും അവയുടെ പോഷക സമൃദ്ധിയെക്കുറിച്ചുളള വിവരണങ്ങളും പ്രദര്‍ശനം കാണുവാന്‍ എത്തിയവരുടെ പ്രശംസ പിടിച്ചുപറ്റി.
ബോട്ട് അപകടം: കരുതല്‍ സാങ്കേതിക വിദ്യയുമായി എയ്ഡനും ഷാരോണും
ബോട്ട് അപകടത്തില്‍ പെടാതിരിക്കുവാനും അഥവാ അപകടത്തില്‍ പെട്ടാല്‍ രക്ഷപ്പെടാനുമുളള സാങ്കേതിക വിദ്യയുമായി മാള സെന്റ് ആന്റണീസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസുകാരായ എയ്ഡനും ഷാരോണും. താനൂര്‍ ബോട്ടപകടം പോലൊരു അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ പുതിയൊരു ബോട്ടിന്റെ മാതൃകയുമായാണ് ഇവരെത്തിയത്. ഇവര്‍ നിര്‍മിച്ച ബോട്ടില്‍ അഞ്ചുപേര്‍ക്കു മാത്രമേ കയറാന്‍ സാധിക്കൂ. കൂടുതല്‍ പേര് കയറാന്‍ ശ്രമിച്ചാല്‍ ബോട്ടിന്റെ പ്രവേശന കവാടം താനേ അടയും. ബലം പ്രയോഗിച്ച് ആരേങ്കിലും എങ്ങനെയെങ്കിലും കയറിയാല്‍ ആ വിവരം സൈബര്‍ സെല്ലിലേക്ക് എത്തും. മാത്രമല്ല അഞ്ചുപേര്‍ കയറിയ ബോട്ടിന്റെ കോണുകള്‍ എങ്ങാനും അപകടത്തില്‍പെട്ട് 15 ഡിഗ്രി ചെരിഞ്ഞാല്‍ ഉടന്‍തന്നെ ബോട്ടിലുളള യാത്രക്കാര്‍ക്ക് രക്ഷപ്പെടാനുളള എയര്‍ ബാഗുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എയ്ഡനും ഷാരോണും പറഞ്ഞു.
ഡ്രൈവിംഗ് ലൈസന്‍സ് സ്കാന്‍ ചെയ്താല്‍ മാത്രം വണ്ടി സ്റ്റാര്‍ട്ടാവുന്ന ബസും ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. ബസിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയാലും മദ്യപിച്ചാലും വണ്ടി താനെ ഓഫാവും. ഫയര്‍ തിരിച്ചറിഞ്ഞാല്‍ സ്പാര്‍ക്ക് വരികയും ഫയര്‍ സ്റ്റേഷനിലേക്ക് അറിയിപ്പ് ചെല്ലുകയും ബസില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ പമ്പ് ഓണാവുകയും ചെയ്യും. അത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കുവാനുളള മുന്‍കരുതലാണ് എയ്ഡന്റേയും ഷാരോണിന്റേയും കണ്ടുപിടിത്തം.