വടിയന്ചിറയില് വെള്ളം കെട്ടിനിര്ത്തിയില്ല; മാനാട്ടുകുന്ന് പ്രദേശം ജലക്ഷാമത്തിലേക്ക്
ആളൂര്‍: കല്ലേറ്റുംകര മാനാട്ടുകുന്ന് പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ വടിയന്‍ ചിറയില്‍ വെള്ളം കെട്ടി നിര്‍ത്തുന്നത് വൈകിപ്പിക്കുന്നതായി പരാതി. മാനാട്ടുകുന്നില്‍ നൂറോളം ഏക്കര്‍ ഭൂവിസ്തൃതിയില്‍ വരുന്ന വടിയന്‍ചിറ കെട്ടി സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആളൂര്‍ പഞ്ചായത്തിലെ താഴേക്കാട്, കല്ലേറ്റുംകര, ആളൂര്‍, മാനാട്ടുകുന്ന് എന്നീ പ്രദേശത്തെ കുടിവെള്ളത്തിനും കൃഷിക്കുമായാണ് വടിയന്‍ചിറ നിര്‍മിച്ചിരുന്നത്. പിന്നീട് ഇറിഗേഷന്‍ തുമ്പൂര്‍മുഴി വലതുകര കനാല്‍ പ്രാബല്യത്തില്‍ വന്നതോടുകൂടി ചിറ കെട്ടുന്നത് അവസാനിപ്പിച്ചു. ചിറകെട്ടിയിരുന്ന ബണ്ട് ഷട്ടര്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഇപ്പോഴും നിലനില്ക്കുന്നു. ഈ പ്രദേശം ഇപ്പോഴും അറിയപ്പെടുന്നത് വടിയന്‍ചിറ എന്ന പേരിലാണ്. വേനലിന്റെ ആരംഭത്തില്‍ ജനുവരി 10 മുതലാണ് ചിറ കെട്ടുന്നത്.
ചിറയില്‍ വെള്ളം നിറഞ്ഞാല്‍ ചിറയോടു ചേര്‍ന്നു കിടക്കുന്ന അഞ്ച് വാര്‍ഡുകളിലെ നൂറുകണക്കിന് വീടുകളിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരമാവും. ചിറയുടെ താഴ്ഭാഗത്തെ നാല് പാടശേഖരങ്ങളിലെ കൃഷിക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. വടിയന്‍ചിറ കെട്ടി വെള്ളം നിറയ്ക്കുന്നതിനായി 2017 ല്‍ കോടതി ഉത്തരവ് ഇറക്കിയിട്ടുണ്ട്. കളക്ടര്‍ ചെയര്‍മാനായ ഈ കമ്മിറ്റി വര്‍ഷം തോറും യോഗം ചേര്‍ന്ന് സാങ്കേതിക വശങ്ങള് ചര്‍ച്ച ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും വടിയന്‍ ചിറ സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു. 2023 ഡിസംബറില്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതല്ലാതെ ഏപ്രില്‍ പകുതിയായിട്ടും ചിറ കെട്ടിയിട്ടില്ല. ഇതു മൂലം ഈ പ്രദേശങ്ങളില്‍ കടുത്ത ശുദ്ധജല ക്ഷാമമാണ് നേരിടുന്നത്. ചിറ കെട്ടിയാല്‍ പ്രദേശത്തെ നൂറുകണക്കിനു ഏക്കര്‍ സ്ഥലത്തെ കൃഷിക്കു സഹായമാവുമെന്നും ആളൂര്‍, വേളൂക്കര, മുരിയാട് പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിനു ഒരു പരിധി വരെ പരിഹാരമാവുമെന്നാണു പാടശേഖരസമിതികളും വടിയന്‍ചിറ സംരക്ഷണ സമിതിയും പറയുന്നത്. ചിറയില്‍ വെള്ളം നിറഞ്ഞ് നിന്നാല്‍ മാത്രമേ മാനാട്ടുകുന്ന് കോളനി അടക്കമുള്ള ആളൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളില്‍ വേനലില്‍ ജലലഭ്യത ഉണ്ടാകൂ. ചിറ കെട്ടാത്തതിനാല്‍ വലതുകര കനാലില്‍ നിന്നു ഉറവയെടുത്ത് വടിയന്ചിറയില് ഒഴുകിയെത്തുന്ന വെള്ളം ചമ്മീന്ചാല് വഴി കരുവന്നൂര്‍ പുഴയിലേക്കു പോകുകയാണ്.
അധികൃതര്‍ക്കു അനാസ്ഥ-വടിയന്‍ ചിറ സംരക്ഷണ സമിതി
പഞ്ചായത്തും നാട്ടുകാരും പാടശേഖര സമിതികളും ചിറ കെട്ടണമെന്നു ആവശ്യപ്പെടുമ്പോഴും നടപടിയെടുക്കേണ്ട അധികൃതര്‍ അനാസ്ഥ തുടരുകയാണ്. ചിറ കെട്ടുന്ന നടപടി വൈകിക്കുന്നത് ഭൂമാഫിയയെ സഹായിക്കാനാണെന്ന്് വടിയന്‍ ചിറ സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു. എത്രയും വേഗം ചിറകെട്ടി പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ഒരാഴ്ചക്കുള്ളില്‍ ചിറ കെട്ടണമെന്നും അല്ലാത്ത പക്ഷം കോടതി അലക്ഷത്തിന് കേസു നല്‍കുമെന്ന് വടിയവന് ചിറ സംസരക്ഷണ സമിതി പ്രസിഡന്റ് വി.എന്‍ അരവിന്ദന്, സെക്രട്ടറി വിഎസ് വിശ്വംഭരന് എന്നിവര്‍ കളക്ടര്‍ക്കു നല്കിയ പരാതിയില്‍ പറഞ്ഞീട്ടുണ്ട്.