ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും കുത്തിയിരുപ്പ് സമരവും
ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും കുത്തിയിരുപ്പ് സമരവും; കൗണ്‍സില്‍ നടപടികള്‍ സ്തംഭിച്ചു
ഇരിങ്ങാലക്കുട: നഗരസഭ ഭരണസമിതിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഭരണകക്ഷി അംഗങ്ങള്‍ ഇറങ്ങിപ്പോയതിനെ ചൊല്ലി നഗരസഭ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നിശ്ചിത അജണ്ടകള്‍ക്ക് മുമ്പായി എല്‍ഡിഎഫും ബിജെപി യും വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഴുന്നേറ്റപ്പോള്‍ അടിയന്തര കൗണ്‍സില്‍ ആണെന്നും അജണ്ടകള്‍ക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്നും ആക്ടിംഗ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ വിശദീകരിച്ചു.
എന്നാല്‍ ഔദ്യോഗിക ഗ്രൂപ്പില്‍ നിന്ന് ഭരണകക്ഷി അംഗങ്ങളും സെക്രട്ടറിയും ജീവനക്കാരും ഇറങ്ങിപ്പോയത് തോന്നിവാസമാണെന്നും ഇത് നടക്കില്ലെന്നും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ ആര് വിജയ പറഞ്ഞു. പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചതോടെ അധ്യക്ഷന്‍ പിന്തുണയുമായി ഭരണകക്ഷി അംഗങ്ങളും എഴുന്നേറ്റു.
ബഹളങ്ങള്‍ക്കിടയില്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ഒരു പ്രതിപക്ഷ അംഗത്തിന്റെ ഭാഗത്ത് നിന്നും പാര്ലമെന്ററിയല്ലാത്ത പദപ്രയോഗങ്ങള്‍ ഉണ്ടായെന്നും ഗ്രൂപ്പില്‍ ഇല്ലാത്തവരെ അധിക്ഷേപിച്ചെന്നും ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് ബഹിഷ്ക്കരിച്ചതെന്നും ആക്ടിംഗ് ചെയര്മാന് വിശദീകരിച്ചു. ആരാണ് മോശമായ പദപ്രയോഗം നടത്തിയതെന്ന് ഭരണപക്ഷം വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് അംഗം മാര്ട്ടിന് ആലേങ്ങാടന്‍ ആവശ്യപ്പെട്ടു.
ബഹളങ്ങള്‍ക്കിടയില്‍ ഭരണപക്ഷത്ത് നിന്ന് ബിജു പോള്‍ അക്കരക്കാരന്‍ നടത്തിയ സെപ്റ്റിക് ടാങ്ക് പ്രയോഗം പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും കെ ആര് വിജയ വിമര്‍ശിച്ചു. ആക്ഷേപം ഉണ്ടായിരുന്നുവെങ്കില്‍ സര്‍വകക്ഷി യോഗം വിളിക്കാമായിരുന്നുവെന്നും എല്ലാ സംവിധാനങ്ങളെയും ഭരണപക്ഷം തകര്‍ത്തുവെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബനും കുറ്റപ്പെടുത്തി.
ഭരണകക്ഷി അംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രയോഗം താന്‍ കേട്ടിട്ടില്ലെന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും പട്ടണത്തിലെ തകര്‍ന്ന് കിടക്കുന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട അജണ്ടകള്‍ പാസാക്കേണ്ടതുണ്ടെന്നും മറ്റ് വിഷയങ്ങള്‍ യോഗത്തിന് ശേഷം സംസാരിക്കാമെന്നും ആക്ടിംഗ് ചെയര്മാന് പറഞ്ഞു. എന്നാല്‍ മോശം പ്രയോഗം നടത്തിയ ബിജു പോള്‍ മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ യോഗത്തില്‍ നിന്നും മാറ്റി നിറുത്തണന്നും ഇല്ലെങ്കില്‍ യോഗം പിരിച്ച് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ആവശ്യം ഉന്നയിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ ബിജെപി അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു. ബഹളങ്ങള്‍ക്കിടയില്‍ എല്ലാ അജണ്ടകളും വായിച്ച് അംഗീകരിച്ചു. യോഗത്തില്‍ ആക്ടിംഗ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. അജണ്ടകള്‍ എകപക്ഷീയമായി പാസ്സാക്കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് എല്‍ഡിഎഫും ബിജെപി യും പിന്നീട് സെക്രട്ടറിക്ക് കത്ത് നല്കി. എന്നാല്‍ അജണ്ടകള്‍ വായിക്കുന്ന സമയത്ത് യോഗത്തില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്നുവെന്ന് ഭരണപക്ഷം വിശദീകരിച്ചു.