കാലാവസ്ഥാ വ്യതിയാനവും ഭൗമ ശാസ്ത്ര പഠനവും: ക്രൈസ്റ്റ് കലാലയത്തില്‍ ത്രിദിന അന്താരാഷ്ട്ര ശില്പശാല

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ജിയോളജി വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനം ചെയ്ത ഇസ്രായേല്‍, വെയിസ്മാന്‍ ഇന്‍സ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ അന്താരാഷ്ട്ര ഭൗമശാസ്ത്ര വിദ്യാഭ്യാസ വകുപ്പ് മേധാവിയായ പ്രഫ. നിര് ഒറിയോണ്‍ നൊപ്പം ശില്പശാലയില് പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ഭൗമശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വളര്‍ന്നുവരുന്ന തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ജിയോളജി വിഭാഗം അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിച്ചു. ഇസ്രായേല്‍, വെയിസ്മാന്‍ ഇന്‍സ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ അന്താരാഷ്ട്ര ഭൗമശാസ്ത്ര വിദ്യാഭ്യാസ വകുപ്പ് മേധാവിയായ പ്രഫ. നിര് ഒറിയോണ്‍ ഉദ്ഘാടനം ചെയ്തു. ആഗോള കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് കൂടുതല്‍ കാലാവസ്ഥ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത് എന്നും, ഭൗമശാസ്ത്രത്തിന്റെ പ്രാധാന്യം ശരിയായ രീതിയില്‍ മനസിലാക്കുന്നത് ഇന്നിന്റെ ആവശ്യകതയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിനകത്തും പുറത്തുനിന്നുമായി മുപ്പതോളം അധ്യാപകരാണ് ത്രിദിന ശില്പശാലയില് പങ്കെടുക്കുന്നത്. ഭൗമശാസ്ത്ര സവിശേഷതകള്‍ നേരിട്ട് കണ്ടും, പരീക്ഷണങ്ങളിലൂടെയും മനസിലാക്കുന്നതിന് വേണ്ടി അതിരപ്പിള്ളി, വഞ്ചിപ്പുര ഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള പഠനയാത്രകള്‍ ആണ് ശില്പശാലയുടെ പ്രത്യേകതയാണ്. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഭൗമശാസ്ത്ര വകുപ്പ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ലിന്റോ ആലപ്പാട്ട്, പ്രഫ. ആര്. ശങ്കര്‍, പ്രഫ. ആര്. ഭാസ്കര്‍, ഡോ. ആന്റോ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.