കാറളം സര്‍വീസ് സഹകരണബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ്; ജീവനക്കാരനെ സസ്പെന്റ് ചെയ്തു

കാറളം സര്‍വീസ് സഹകരണബാങ്ക്.
ഇരിങ്ങാലക്കുട: കാറളം സര്‍വീസ് സഹകരണബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പുനടത്തിയ ജീവനക്കാരനെ ജോലിയില്‍നിന്നു സസ്പെന്റ് ചെയ്തു. ബാങ്ക് ജീവനക്കാരനായ കെ.എം. ഷൈനെയാണ് പുറത്താക്കിയത്. തന്റെ ബന്ധുക്കളുടെപേരില്‍ പണയംവച്ച ആഭരണങ്ങള്‍ യഥാര്‍ഥ സ്വര്‍ണമല്ലെന്ന് സ്വര്ണപരിശോധനയില് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് ഭരണസമിതിയുടെ നടപടി. വര്ഷാന്ത്യകണക്കെടുപ്പിന്റെ ഭാഗമായി എല്ലാ ശാഖകളിലും സ്വര്‍ണപരിശോധന നടത്തിയിരുന്നു. അപ്പോഴാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 17,67,718 രൂപയും പലിശയും ബാങ്കില്‍ ഷൈന്‍ അടച്ചുവെങ്കിലും ബാങ്ക് ഭരണസമിതി തീരുമാനപ്രകാരം ബാങ്ക് സെക്രട്ടറി കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കാറളം സര്‍വീസ് സഹകരണബാങ്കില്‍ തട്ടിപ്പ് നടന്നതായി ആരോപിച്ച് ബിജെപി അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. മുക്കുപണ്ടം പണയംവച്ചും കരുവന്നൂര്‍ മോഡലില്‍ ബിനാമി വായ്പകളെടുത്തും സഹകാരികളുടെ പണം തട്ടിയെടുത്തതായാണ് ആരോപണം. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് കാറളം സര്‍വീസ് സഹകരണബാങ്കിലുള്ളത്. 70 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നത്. മുകുന്ദപുരം താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് ബിജെപി സഹകരണ സെല്ലിന്റെ നേതൃത്വത്തില്‍ എം.വി. സുരേഷ് പരാതിനല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്കില്‍ സഹകരണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സഹകരണവകുപ്പ് ഇരിങ്ങാലക്കുട യൂണിറ്റ് ഇന്‍സ്പെക്ടര്‍ വി.എം. സിനി, ആമ്പല്ലൂര്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ മല്ലിക, വെള്ളാങ്ങല്ലൂര്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ ഹര്‍ഷ ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.