തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പദ്ധതിയിലെ അധ്യാപകരുടെ യോഗം നടത്തി

തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പദ്ധതിയിലെ അധ്യാപകരുടെ യോഗത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പദ്ധതിയുടെ സ്കൂള്‍തല കോഡിനേറ്റര്‍മാരായ അധ്യാപകരുടെ യോഗം ഇരിങ്ങാലക്കുട ജില്ലാ പോലീസ് ആസ്ഥാന കാര്യാലയത്തില്‍ നടന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ റൂറല്‍ അഡീ. പോലീസ് സൂപ്രണ്ട് വി.എ. ഉല്ലാസ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വിദ്യാര്‍ഥികളുടെ ഭാവിയെ ശക്തമാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും നിര്‍ണായകമാണെന്നും, കുട്ടികളില്‍ അടിസ്ഥാന നിയമത്തെയും, ജീവന് സംരക്ഷണത്തെയും കുറിച്ചുമുള്ള അവബോധം വളര്‍ത്തുന്നതില്‍ അധ്യാപകരുടെ പങ്ക് അത്യന്തം പ്രധാനമാണെന്നും, നിയമങ്ങള്‍ അറിയുന്നതും അവ പാലിക്കുന്നതും കുട്ടികളെ നല്ല പൗരന്മാരാക്കുന്നതിന് സഹായകരമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കാലം മാറുമ്പോള്‍ ജീവിത ശൈലികളും സാംസ്കാരിക സാഹചര്യങ്ങളും മാറുന്നു. ഈ മാറ്റങ്ങളെ മനസ്സിലാക്കി അധ്യാപകരും രക്ഷിതാക്കളും കുട്ടികള്‍ക്ക് നല്ല മാതൃകയാവണമെന്നും, കുട്ടികള്‍ പ്രാഥമികമായി അധ്യാപകരെയും മാതാപിതാക്കളെയും പകര്‍ത്തുവാന്‍ ശ്രമിക്കുമെന്നതിനാല്‍ വാക്കിലും പ്രവൃത്തിയിലും കുട്ടികള്‍ക്ക് നല്ല മാതൃക ആകേണ്ടതാണ്.
കുട്ടികളുമായി നിരന്തരം കമ്മ്യൂണിക്കേഷന്‍ ചെയ്ത് അവരുടെ പ്രായപരമായ മാനസിക സംഘര്‍ഷങ്ങളും സ്വാഭാവിക പെരുമാറ്റങ്ങളും മനസിലാക്കി ആശങ്കകളും ചിന്തകളും തുറന്ന് പങ്കുവെക്കാനുള്ള സൗകര്യം നല്‍കണമെന്നും, കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും നമ്മുടെ സംയുക്ത ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തൃശൂര്‍ റൂറല്‍ പോലീസ് പരിധിയിലുള്ള 282 സ്കൂളുകളിലെ അധ്യാപകര്‍ പങ്കെടുത്തു.