കൂടല്‍മാണിക്യം; ചിരിമഴ പൊഴിയിച്ച് ഓട്ടന്തുള്ളല്

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന ഓട്ടന്തുള്ളല്.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ രണ്ടാം നാളില്‍ ശീവേലിക്കുശേഷം ചിരിമഴ പൊഴിയിച്ച് കിഴക്കേ നടപ്പുരയില്‍ ഓട്ടന്‍തുളളല്‍ കലാപ്രകടനം ആരംഭിച്ചു. ഉത്സവത്തോടനുബന്ധിച്ച് സാധാരണ ക്ഷേത്രകലകളായ കേളി, നങ്ങ്യാര്‍കൂത്ത്, കുറത്തിയാട്ടം, പാഠകം എന്നിവ കൊടിപ്പുറത്ത് വിളക്കുനാള്‍ സന്ധ്യക്കാണു ആരംഭിക്കുന്നതെങ്കിലും ഓട്ടന്തുള്ളല് മാത്രം രണ്ടാം ഉത്സവനാളിലാണു ആരംഭിക്കുക. ഉത്സവനാളില്‍ കിഴക്കേ നടപ്പുരയില്‍ ആദ്യകാലങ്ങളില്‍ ഓട്ടന്തുള്ളല് മൂന്നാം ദിവസമാണു നടന്നിരുന്നത്.
പിന്നീട് തുടര്‍ന്നുളള ദിവസങ്ങളില്‍ ശീതങ്കന്‍ തുള്ളല്‍, പറയന് തുള്ളല്‍ എന്നിവയാണു നടക്കുക. ഇപ്പോള്‍ ഓട്ടന്തുള്ളല് മാത്രമാണു നടക്കുന്നത്. കല്യാണസൗഗന്ധികം, കിരാതം, രാമാനുചരിതം, ഗണപതി പ്രാതല്‍, ഗരുഡഗര്‍വഭംഗം, ബകവധം, അയ്യപ്പചരിതം, സഭാപ്രവേശം തുടങ്ങിയ കഥകളാണു ഇവിടെ ഓട്ടന്തുള്ളലില് അവതരിപ്പിക്കുന്നത്. മുന്നൂറോളം കൊല്ലം മുമ്പ് ക്ഷേത്രകലയായിരുന്ന ഓട്ടന്തുള്ളല് കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്ക്കരിച്ച ജനകീയ കലാരൂപമാണ്.
സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടന്തുള്ളല് അറിയപ്പെടുന്നു. നര്‍മ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേര്‍ത്ത് ആകര്‍ഷകമായി രചിച്ച പാട്ടുകള്‍ ബഹുജനങ്ങള്‍ ആകര്ഷമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ്. ഓട്ടന്തുള്ളലില് ലളിതമായ വേഷവും നാടോടി സ്വഭാവവുമുള്ള അംഗചലനങ്ങളുമാണ്. തുള്ളലിന് മുഖത്ത് പച്ചയെഴുതി വാലിട്ട് കണ്ണെഴുതി കിരീടം വച്ചാണ് ഓട്ടന്‍ തുളളല്‍ അവതരിപ്പിക്കുന്നത്. വേഗത്തില്‍ പാടേണ്ടത് ഓട്ടന്‍ തുള്ളലിനാണെങ്കില്‍ ശീതങ്കന്‍ തുള്ളലിന് വേഗത കുറച്ച് വേണം പാടാന്‍.
ലാസ്യംഗത്തിന് പ്രാധാന്യമുള്ള തുള്ളലാണ് ശീതങ്കന്‍. കുരുത്തോല കൊണ്ടുള്ള മെല്ലാഭരണമാണ് ഇതിന്റെ പ്രത്യേകത. കിരീടത്തിനു പകരം തലയില്‍ കൊണ്ടക്കെട്ടി കുരുത്തോലമെടഞ്ഞണിയുന്നു. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രശസ്ത ഓട്ടന്തുള്ളല് കലാകാരന് മലമ്പാര്‍ രാമന്നായരടക്കം കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു ഓട്ടന്തുള്ളല് അവതരിപ്പിച്ചു.
ഗുരുവായൂര്‍ ശേഖരന്, കെ.പി. നന്തിപുലം, നന്തിപുലം നീലകണ്ഠന് തുടങ്ങിയ പ്രശസ്തരാണു മുന്‍ കാലങ്ങളില്‍ ഓട്ടന്തുള്ളല് അവതരിപ്പിച്ചിരുന്നത്. കേരള ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് രാജീവ് വെങ്കിടങ്ങിന്റെ നേതൃത്വത്തിലാണു ഓട്ടന്തുള്ളല് അവതരിപ്പിക്കുന്നത്. പിന്‍പാട്ട് അമ കൃഷ്ണന്, ശ്രീഹരി രാജീവ് എന്നിവരും മൃദംഗം കലാമണ്ഡലം വിനോദ്, ശിവദാസ് അടാട്ട് എന്നിവരും ഇടയ്ക്ക ഹരിദാസ് എന്നിവരാണു അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
