ചരിത്ര സ്മരണയുറങ്ങുന്ന വിസ്മയ മന്ദിരങ്ങള്‍, വലിയതമ്പുരാന്‍ കോവിലകം ശക്തന്റെ ഉത്സവാസ്വാദന മന്ദിരം

ശക്തന് തമ്പുരാന് കൂടല്‍മാണിക്യ ക്ഷേത്രോത്സവം കാണുന്നതിനായി പണികഴിച്ച വലിയതമ്പുരാന്‍ കോവിലകം.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തിലെ വിളക്കും ശീവേലിയും സ്വന്തം വീട്ടിലിരുന്ന് ആസ്വദിക്കുകയാണ് ശക്തന് തമ്പുരാന്റെ ഈ പിന്മുറക്കാരായ വലിയതമ്പുരാന്‍ കോവിലകം തറവാട്ടുകാര്. കൊച്ചി രാജകുടുംബത്തിലെ ശക്തന് തമ്പുരാന്റെ തായ്വഴിയായുള്ള തൃപ്പൂണിത്തറ കോവിലകത്തെ അംഗങ്ങളാണിവര്‍. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തെ ശക്തന് തമ്പുരാനുമായി ഇഴ ചേര്‍ക്കുന്ന സ്മാരകമാണ് ഈ വീട്. കൂടല്‍മാണിക്യം ക്ഷേത്രോത്സവം ആസ്വാദിക്കുന്നതിനായി ശക്തന് തമ്പുരാന് 250 വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് ക്ഷേത്രത്തിന്റെ വടക്കുവശത്ത് തീര്‍ഥക്കുളത്തിനു സമീപമുള്ള വലിയതമ്പുരാന്‍ കോവിലകം. കൂത്തമ്പലത്തിന്റെ നിര്മാണത്തോടൊപ്പമാണ് കോവിലകത്തിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ചരിത്രരേഖകള്‍ പറയുന്നു.
ഇതിനായി ഒരുമിച്ച് മരം കൊണ്ടുവന്നൂയെന്ന വിശ്വാസമാണ് ഇതിനടിസ്ഥാനം. ഭൂനിരപ്പില്‍ നിന്നും പന്ത്രണ്ടടിയോളം പടികള്കയറി വേണം വിശാലമായ മന്ദിരത്തിലേക്കു പ്രവേശിക്കാന്‍. ക്ഷേത്രത്തിനു മുമ്പില്‍ ഇരുനില കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പാടില്ലെന്ന് അന്ന് വിശ്വാസമുണ്ടായിരുന്നു. പത്തടിയോളം മണ്ണ് കൊണ്ടു കെട്ടി ഉയര്‍ത്തി തറയുണ്ടാക്കിയാണ് ക്ഷേത്രം കാണാവുന്ന തരത്തില്‍ കോവിലകം നിര്‍മിച്ചിരിക്കുന്നത്. കോവിലകത്തിന്റെ തെക്കേഭിത്തിയില്‍ കുലീപിനി തീര്ത്ഥത്തിന് അഭിമുഖമായി വലിയ ജനാലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉത്സവ നാളുകളില്‍ കോവിലകത്ത് എത്തുന്ന ശക്തന് തമ്പുരാന് വടക്കുപടിഞ്ഞാറെ ഭാഗത്തുള്ള മട്ടുപ്പാവില്‍ ഇരുന്ന് ഈ ജനാലില്‍ കൂടിയാണ് ഉത്സവം ആസ്വദിച്ചിരുന്നത്.
ഉത്സവ നാളുകളില്‍ കിഴക്കേ നടപ്പുരയില്‍ എഴുന്നള്ളിപ്പ് ആരംഭിക്കുന്നതും പടിഞ്ഞാറെ നടപ്പുരയില്‍ പഞ്ചാരിമേളം അവസാനിക്കുന്നതും ഇവിടെയിരുന്ന് വ്യക്തമായി കാണാവുന്നതാണ്. സര്‍വാഭരണ വിഭൂഷിതമായ പ്രദക്ഷിണ വഴിയിലൂടെ നീങ്ങുമ്പോള്‍ തീര്‍ത്ഥ ജലത്തിലുണ്ടാകുന്ന പ്രതിഫലനവും ഇവിടെ നിന്നുള്ള നയനാഭമായ കാഴ്ചയാണ്. സന്ധ്യാസമയങ്ങളില്‍ ക്ഷേത്ര പരിസരത്തെ പ്രകാശ പൂരിതമാക്കുന്ന ദീപാലങ്കാരങ്ങളും മികവുറ്റ കാഴ്ച തന്നെ. കൂടല്‍മാണിക്യം ക്ഷേത്രോത്സവം ചിട്ടപ്പെടുത്തിയതു ശക്തന് തമ്പുരാനാണെന്നാണ് കരുതുന്നത്. നാല് വര്‍ഷത്തോളം ശക്തന് ഇവിടെ താമസിച്ചിരുന്നുവെന്നാണ് പറയപപെടുന്നത്. തൃശൂര്‍ പൂരം കഴിഞ്ഞ് കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഉത്സവം കാണാനാണ് ശക്തന് ഇവിടെ വന്നിരുന്നത്.
തീര്‍ത്ഥകര പ്രദക്ഷിണവും ചെമ്പടമേളവും ശക്തന്‍തമ്പുരാനു കാണാന്‍ വേണ്ടിയാണ് ചിട്ടപ്പെടുത്തിയത്. അതിനാല്‍ ഇത് മറ്റൊരു ക്ഷേത്രങ്ങളിലും ഇല്ല. 60 വര്‍ഷം മുമ്പാണ് ഇവിടെ കുടുംബാംഗങ്ങള്‍ സ്ഥിരം താമസമാക്കിയത്. അതുവരെ കൊച്ചി രാജ കുടുംബത്തിന്റെ വേനല്‍കാല വസതിയായിരുന്നു. ഈ കോവിലകത്തിനോടു ചേര്‍ന്ന് ഒരു കുതിരലായവും പണ്ഡാര പക മഠം എന്ന പേരിലുള്ള നാട്ടുകച്ചേരിയും ഉണ്ടായിരുന്നു. പണ്ട് എഴുന്നള്ളിപ്പിനു മുമ്പില്‍ കൊച്ചി രാജാവിന്റെ പ്രതിനിധി നില്ക്കുന്ന പതിവുണ്ടായിരുന്നുയെങ്കിലും രാജഭരണം അവസാനിച്ചതോടെ ഈ പതിവ് നിന്നു പോയി. കോവിലകത്തിന്റെ വടക്കേ അരികുചേര്‍ന്ന് കിഴക്കു പടിഞ്ഞാറായി ഒരു കൂറ്റന്‍ ഊട്ടുപുരയുണ്ടായിരുന്നു. ഇത് പിന്നീട് പെണ്പള്ളിക്കൂടമായി മാറിയിരുന്നുവെങ്കിലും ഇപ്പോഴതില്ല. രാജകീയ പ്രതാപത്തിന്റെ അസ്തമന ശേഷം ഈ കെട്ടിടം സിവില്‍ സപ്ലൈസ് വകുപ്പിന്റെ അരി ഗോഡൗണായും കുറച്ചുകാലം ഉപയോഗിച്ചിട്ടുണ്ട്. കൊച്ചി രാജവംശ തായ്വഴിയിലെ സതീദേവി തമ്പുരാട്ടി, മകള്‍ ശ്രീദേവി, ശ്രീദേവിയുടെ മക്കള്‍ എന്നിവരാണ് കോവിലകത്തെ ഇപ്പോഴത്തെ താമസക്കാര്‍.
കൂടല്‍മാണിക്യ ക്ഷേത്രോത്സവം; ഇന്നു പള്ളിവേട്ട, നാളെ രാപ്പാള്‍ ആറാട്ടുകടവില്‍ ആറാട്ട്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന് ഇന്നു പള്ളിവേട്ട, നാളെ രാപ്പാള്‍ ആറാട്ടുകടവില്‍ ആറാട്ട്. കൊടിപ്പുറത്ത് ദിവസം സ്പെഷ്യല്‍ പന്തലില്‍ ആരംഭിച്ച കലാപരിപാടികള്‍ ഇന്ന് വൈകീട്ട് സമാപിക്കും. പള്ളിവേട്ട ദിവസമായ ഇന്ന് രാവിലെ നടന്ന അവസാന പകല്‍ ശീവേലിക്ക് പതിനായിരങ്ങളാണ് സംഗമേശ്വര സന്നിധിയില്‍ എത്തിച്ചേര്‍ന്നിരുന്നത്. ശീവേലിയോടനുബന്ധിച്ച് പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ നടന്ന പാഞ്ചാരിയുടെ നാദധാര ജനഹൃദയങ്ങളിലേക്ക് ആവാഹിക്കപ്പെടുകയായിരുന്നു. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് നടന്ന ശീവേലി എഴുന്നള്ളിപ്പ് നാലുമണിക്കൂറോളം നീണ്ടുനിന്നു. മേളം കൂട്ടിയെഴുന്നള്ളിപ്പ് പാഞ്ചാരിയില് തുടങ്ങി ചെമ്പടയില്‍ കൊട്ടി കലാശിച്ചു. സാധാരണ നടക്കാറുള്ള മുളപൂജ പള്ളിവേട്ട ദിവസം ഉണ്ടായില്ല.
ഇന്ന് രാത്രി എട്ടരയോടെയാണ് പള്ളിവേട്ട നടക്കുന്നത്. ഭഗവാന് നാലാനകളുടെ അകമ്പടിയോടെയാണ് പള്ളിവേട്ട ആല്‍ത്തറയിലേക്ക് എഴുന്നള്ളുന്നത്. നെറ്റിപട്ടം അണിയാത്ത ഒരാന മുമ്പിലും തന്ത്രികളും പരികര്മിയും പരിവാരങ്ങളും തുടര്‍ന്ന് തിടമ്പേറ്റിയ ഗജവീരനും ഉള്ളാനകളടക്കമുള്ള നാലാനകളുടെ അകമ്പടിയോടെയാണ് ഭഗവാന് പുറത്തേക്ക് എഴുന്നള്ളുന്നത്. ഗജവീരന്മാര്ക്കൊപ്പം ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തേക്ക് എഴുന്നള്ളുന്ന ഭഗവാന് കിഴക്കേനടയില്‍ കേരള പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. വളരെ നിശബ്ദമായി ആനയുടെ ചങ്ങല പോലും ഒഴിവാക്കിയാണ് ഭഗവാന് ആല്ത്തറക്കലേക്ക് എഴുന്നള്ളുക. ആല്ത്തറക്കലെത്തി ബലിതൂവി പ്രദക്ഷിണം നടത്തിയശേഷം പാരമ്പര്യ അവകാശിയായ മുരിയാട് നാരായണന്‍കുട്ടിനായര്‍ പള്ളിവേട്ട നടത്തും.
തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാന് തിരിച്ചെഴുന്നള്ളും. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയ ഭഗവാന് മതില്കെട്ടിന് മുമ്പില്‍ പാണ്ടിമേളം അവസാനിച്ചശേഷം തൃപുട കൊട്ടി ക്ഷേത്രത്തിനകത്ത് കയറി പാഞ്ചാരിമേളത്തോടെ ബാക്കി പ്രദക്ഷിണം നടത്തും. പള്ളിവേട്ടക്ക് ശേഷം മണ്ഡപത്തില്‍ പത്മമിട്ട് ദേവന് ശയ്യ ഒരുക്കും. കൊല്ലത്തില്‍ ഒരു ദിവസം മാത്രമേ പ്രതിഷ്ഠാമൂര്‍ത്തിക്ക് ഔപചാരികമായ പള്ളിക്കുറുപ്പുള്ളൂ. താന്ത്രിക ക്രിയകളോടെ ശയ്യ ഒരുക്കി പൂജിച്ച് ദേവനെ ജാഗ്രതാവസ്ഥയില് നിന്ന് സ്വപ്നാവസ്ഥയിലേക്കും പിന്നെ സുഷുപ്ത്യാവസ്ഥയിലേക്കും ഒടുക്കം തുരീയാവസ്ഥയിലേക്കും ദേവനെ നയിച്ചുകൊണ്ടാണ് പള്ളിക്കുറുപ്പിന്റെ ക്രിയകള്‍ അവസാനിക്കുന്നത്.
രാത്രി മുഴുവന്‍ തന്ത്രി മൂലമന്ത്രം ജപിച്ച് ഉറങ്ങാതെയിരിക്കും. പള്ളിക്കുറുപ്പ് ദിവസം വ്രതമനുഷ്ടിച്ച് നിശബ്ദരായി ദേവനെ ധ്വനിപ്പിച്ചുകൊണ്ട് ക്ഷേത്രപരിസരത്ത് ഉറക്കമൊഴിച്ച് രാത്രി കഴിയുന്നത് വലിയ പുണ്യമാണെന്ന് പഴമക്കാര്‍ പറയുന്നു. ഭഗവാന് ഉണരുന്നത് അറിയാന്‍ പശുക്കുട്ടിയെ നിര്‍ത്തും. ആ പശുക്കുട്ടി എപ്പോഴാണോ നിലവിളിക്കുന്നത് ആ സമയത്ത് മാത്രമേ തന്ത്രി മണ്ഡപത്തിലേക്ക് കയറി പൂജാദികര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ പാടുള്ളൂ. പശുക്കുട്ടി നിലവിളിക്കുന്ന ശബ്ദം ഭഗവാന് ഉണരുന്നു എന്നുള്ളതിന്റെ സൂചനയായിട്ടാണ് ഇന്നും ഭക്തര്‍ കാണുന്നത്. പുലര്‍ച്ചെ ഭഗവാന്റെ പള്ളിയുറക്കത്തിനുശേഷം വിവിധ ചടങ്ങുകളും എതൃത്തപൂജക്ക് ശേഷം ആറാട്ട് ക്രിയകള്‍ ആരംഭിക്കും. മൂലബിംബത്തിന് മഞ്ഞള്‍ ചാര്‍ത്തി പാണികൊട്ടി ശ്രീഭൂതബലി നടത്തും.
കൊടിമരചുവട്ടില്‍ പാണികൊട്ടി നിവേദ്യത്തിന് ശേഷം തിടമ്പ് ആനപുറത്തേറ്റി പ്രദക്ഷിണം ചെയ്ത് ഗോപുരദ്വാരങ്ങളിലും ആല്‍ത്തറയിലും തൂവി ആറാട്ടിന് പുറപ്പെടും. ആദ്യപ്രദക്ഷിണം മേല്‍ശാന്തി കൈയ്യിലേന്തിയ തിടമ്പുമായും രണ്ടാമത്തെ പ്രദക്ഷിണം ആനപ്പുറത്ത് എഴുന്നള്ളിയുമാണ്. രാപ്പാള്‍ കടവിലേക്ക് മൂന്ന് ആനകളോടെ പുറപ്പെടുന്ന ഭഗവാന് പോലീസ് സേന കിഴക്കേ നടയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. നാളെയാണ് പ്രസിദ്ധമായ ആറാട്ട്. നാളെ രാവിലെ എട്ടിന് പള്ളിനീരാട്ടിന് എഴുന്നളളിപ്പ്. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് രാപ്പാള്‍ ആറാട്ടു കടവില്‍ ആറാട്ട്. വൈകീട്ട് അഞ്ചിന് തിരിച്ചെഴുന്നള്ളിപ്പ്. രാത്രി ഒമ്പതിന് പഞ്ചവാദ്യം. 12 മണി മുതല്‍ ഒരു മണി വരെ പാണ്ടിമേളം. തുടര്‍ന്ന് അകത്തേയ്ക്ക് എഴുന്നള്ളിപ്പ്, കൊടിക്കല്‍ പറ എന്നിവയോടെ ഉത്സവം സമാപിക്കും.