ഊരകം ദേവാലയത്തിലെ ഗ്രോട്ടോ വെഞ്ചിരിപ്പ് കര്‍മം നിര്‍വഹിച്ചു
പുല്ലൂര്‍: ഊരകം വിശുദ്ധ ഔസേപ്പ് പിതാവിന്റെ ദേവാലയത്തില്‍ ഔസേപ്പ് പിതാവിന്റെ തൊഴില്‍ ശാലയെ അനുസ്മരിച്ചുകൊണ്ടു നിര്‍മിച്ച ഗ്രോട്ടയുടെ വെഞ്ചിരിപ്പ് കര്‍മവും പരിശുദ്ധ ഫ്രാന്‍സീസ് പാപ്പ ഈ വര്‍ഷം പ്രഖ്യാപിച്ച സെന്റ് ജോസഫ് വര്‍ഷത്തിനോടനുബന്ധിച്ചുള്ള ലോഗോയുടെ പ്രകാശനവും ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ഇതിനോടനുബന്ധിച്ചുള്ള ദിവ്യബലിയ്ക്കു വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കലും ബിഷപ് സെക്രട്ടറി ഫാ. ചാക്കോ കാട്ടുപറമ്പിലും സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഊരകം ദേവാലയ വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, കൈക്കാരന് ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, കൈക്കാരന് പി .ആര് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് പശ്ചാത്തലത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പാവപ്പെട്ട 100 പേര്‍ക്കു പലവ്യഞ്ജന കിറ്റും 100 പേര്‍ക്കു 1000 രൂപയുടെ ധനസഹായവും പല ഘട്ടങ്ങളിലായി ചെയ്തു. കൈക്കാരന് കെ.കെ. ജോണ്സണ് 25000 രൂപയുടെ ധനസഹായം രൂപതയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ബിഷപിനു കൈമാറി.