കൂടല്‍മാണിക്യം മണിമാളിക ഓര്‍മയാകുന്നു, പൊളിച്ചുനീക്കുന്നത് ഇരിങ്ങാലക്കുടയിലെ ആദ്യവാണിജ്യ കെട്ടിടം
ഇരിങ്ങാലക്കുട: ഒരു നൂറ്റാണ്ടിനടുത്തു പഴക്കമുള്ള കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കുട്ടംകുളത്തിനു സമീപത്തെ മണിമാളിക കെട്ടിടം പൊളിക്കല്‍ അവസാനഘട്ടത്തില്‍. ഇരിങ്ങാലക്കുടയിലെ ആദ്യത്തെ വ്യാപാരസമുച്ചയമെന്ന ഖ്യാതിയുള്ള മണിമാളിക കെട്ടിടത്തിലാണ് ആദ്യകാലത്ത് പ്രധാനപ്പെട്ട ഓഫീസുകളെല്ലാം പ്രവര്‍ത്തിച്ചിരുന്നത്. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ചിഹ്നം ഈ കെട്ടിടത്തില്‍ പതിച്ചീട്ടുണ്ട്. ഇരിങ്ങാലക്കുടയിലെ ഭൂമി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്ഥാപിച്ച ലാന്‍ഡ് ട്രൈബ്യൂണല്‍ കോടതി, അതിനോടുചേര്‍ന്നു മുന്‍സിഫിനു താമസിക്കാനുള്ള മുറി, വാട്ടര്‍ അഥോറിറ്റി ഓഫീസ്, ലേബര്‍ ഓഫീസ്, ഉണ്ണായി വാരിയര്‍ കലാനിലയം ഓഫീസ്, കോണ്‍ഗ്രസ് ഓഫീസ്, നഴ്സിംഗ് ഹോം, ഐടിസി എന്നിവയെല്ലാം പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള വലിയ ക്ലോക്ക് സ്ഥാപിച്ചിരുന്നതിനാലാണു മണിമാളികക്കെട്ടിടമെന്നു പേര് വന്നതെന്നു പഴമക്കാര്‍ പറയുന്നു. കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ക്ലോക്കായിരുന്നു വാച്ചുകള്‍ ഇല്ലാതിരുന്ന കാലത്തു നഗരവാസികളെ സമയം അറിയിച്ചിരുന്നത്. മൂന്നു സ്റ്റെപ്പുകളുള്ള വലിയ വരാന്തയും കെട്ടിടത്തിന്റെ പ്രത്യേകതയാണ്. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതാണു കെട്ടിടം ഈ അവസ്ഥയിലെത്താന്‍ കാരണമെന്നാണു പഴമക്കാര്‍ പറയുന്നത്. കൂടല്‍മാണിക്യം കുട്ടംകുളത്തിന് എതിര്‍വശത്തായി പേഷ്കാര്‍ റോഡിനും കുട്ടംകുളത്തിനും അഭിമുഖമായി പണികഴിപ്പിച്ച മണിമാളികക്കെട്ടിടം വര്‍ഷങ്ങളായി ചോര്‍ന്നൊലിച്ച് അപകടഭീഷണിയിലായിരുന്നു. തിരമാലകള്‍ അടിച്ചുപതം വന്ന ചീങ്കണ്ണി പാറകള്‍ ഉപയോഗിച്ചാണു കെട്ടിടത്തിന്റെ അടിത്തറ നിര്‍മിച്ചതെന്നു പറയുന്നു. താഴത്തെ നിലയിലെ വരാന്തകള്ക്കു വീതി കൂടുതലാണ്. കൂടല്‍മാണിക്യം ഉത്സവം കാണാനെത്തുന്നവര്‍ക്കു വിശ്രമിക്കാനുള്ള സ്ഥലമായിരുന്നു ഇത്. പള്ളിവേട്ടയും ആറാട്ടും കഴിഞ്ഞു തിരിച്ചെഴുന്നള്ളുമ്പോള്‍ മണിമാളിക കെട്ടിടത്തിനു മുമ്പിലെ കുട്ടംകുളം പന്തലില്‍ വെച്ചാണു പഞ്ചവാദ്യം നിര്‍ത്തി പാണ്ടിമേളം ആരംഭിക്കുക.