കുടുംബശ്രീ താലൂക്ക് വാര്‍ഷികാഘോഷം മെയ് 13, 14 തീയതികളില്‍: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട: കുടുംബശ്രീ മുകുന്ദപുരം താലൂക്ക് തല വാര്‍ഷികാഘോഷം മെയ് 13, 14 തീയതികളില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍, ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ വേദികളിലായി നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. ലളിതഗാനം, മാപ്പിളപ്പാട്ട്, തിരുവാതിരക്കളി, നാടകം, മാര്‍ഗംകളി, ഒപ്പന, സംഘനൃത്തം, നാടന്‍ പാട്ട് തുടങ്ങിയ സ്റ്റേജിനങ്ങളും ചിത്രരചന, കഥാരചന, കവിതാ രചന, കൊളാഷ് മേക്കിംഗ് തുടങ്ങിയ സ്റ്റേജിതര മത്സരങ്ങളുമാണ് അരങ്ങേറുക. കുടുംബശ്രീ അംഗങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനൊപ്പം അവരുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുമാണ് ആഘോഷമെന്ന് സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു മുഖ്യ രക്ഷാധികാരിയായാണ് സംഘാടകസമിതി. എംഎല്‍എമാരായ കെ.കെ. രാമചന്ദ്രന്, വി.ആര്. സുനില്‍കുമാര്‍, എംപിമാരായ ടി.എന്‍. പ്രതാപന്, ബെന്നി ബഹനാന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ തുടങ്ങിയവരാണ് രക്ഷാധികാരികള്‍. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി സംഘാടകസമിതി ചെയര്‍പേഴ്സണായും മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂര്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ വൈസ് ചെയര്മാന്മാരായും കുടുംബശ്രീ ഡിപിഎം ഓഫീസര്‍ വി.എം. മഞ്ജീഷ് ജനറല്‍ കണ്‍വീനറായുമാണ് സമിതി.