ജീവിതം പഠിക്കാന്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ്; ഭിന്നശേഷി കുടുംബങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും വിപണി
കല്ലേറ്റുങ്കര: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രയോഗിക ദിനചര്യാ പരിശീലനം നല്കുന്ന നിപ്മറിലെ സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയാകുന്നു. ദിനചര്യകള്‍ക്ക് പുറമെ സാമൂഹ്യബോധന പ്രക്രിയകളില്‍ കൂടി പരിശീലനം നല്കുന്ന സംസ്ഥാനത്തെ തന്നെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ സൂപ്പര്‍ മാര്‍ക്കറ്റാണ് നിപ്മര്‍ സെഡാര്‍ സൂപ്പര്‍ മാര്‍ക്കറ്റ്. സഞ്ചാരം മുതല്‍ വസ്ത്ര ധാരണം, ആഹാരം കഴിക്കല്‍, ആശയ വിനിമയം, പഠനം എന്നീ കാര്യങ്ങളില്‍ എണ്ണിയാലോടുങ്ങാത്ത പ്രതിസന്ധിയാണ് ഭിന്നശേഷി കുട്ടികള്‍ നേരിടുന്നത്. ദിനചര്യകള്‍ ചെയ്യാനുള്ള പ്രാപ്തിക്കു പുറമെ സാമൂഹ്യ ഇടപെടല്‍, നാണയ ബോധം, കൊടുക്കല്‍ വാങ്ങല്‍ എന്നിവയിലും നിപ്മര്‍ സൂപ്പര്‍ മാര്‍ക്കറ്റ് പരിശീലനം നല്കുന്നു. രാജ്യത്ത് ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കുന്ന ബഹു ഭൂരിപക്ഷം സ്ഥാപനങ്ങളിലും പ്രായോഗിക ദിനചര്യകള്‍ പരിശീലിപ്പിക്കുന്നതിനുള്ള സംവിധാനമില്ല. നടക്കുന്നയിടങ്ങളിലാവട്ടെ ചില കൃത്രിമ മോഡലുകള്‍ ഉപയോഗിച്ചുള്ള പരിശീലന രീതികളായതിനാല്‍ പ്രായോഗിക ജീവിതത്തില്‍ കുട്ടികള്‍ക്ക് ഗുണകരമാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. 150 ഓളം കുട്ടികളാണ് നിലവില്‍ ഇവിടെ പരിശീലനം നടത്തുന്നത്. ഇവരില്‍ രണ്ടു പേര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയും നല്‍കിയിട്ടുണ്ട്. നിപ്മറിലെ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളെയും, തൊഴില്‍ പരിശീലന പരിപാടിയായ എംവൊക്കിലെ കുട്ടികളെയുമാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. 42 ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പിനായി ചെലവായത്. അടിസ്ഥാന സൗകര്യം നിപ്മര്‍ ഒരുക്കുകയും മാര്‍ക്കറ്റിംഗ് സെഡാര്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് ഒരുക്കുകയും ചെയ്തു. രാവിലെ പത്തുമുതല്‍ നാലുമണിവരെയാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രായോഗിക ദിനചര്യകളില്‍ പരിശീലനം നല്‍കുകയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍(നിപ്മര്‍) എക്സിക്യുട്ടിവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി. ചന്ദ്രബാബു പറഞ്ഞു. കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികളും വീട്ടുകാരും ഉണ്ടാക്കുന്ന ഉല്പന്നങ്ങള് സൂപ്പര്‍ മാര്‍ക്കറ്റ് വഴി വിറ്റഴിക്കുന്നതിനുള്ള സൗകര്യമുമൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.