റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് തുടക്കമായി; യാത്രാപ്രയാസം ഉടന്‍ പരിഹരിക്കപ്പെടും: മന്ത്രി ഡോ. ആര്. ബിന്ദു റോഡിലെ അറ്റകുറ്റപ്പണികള്‍ വൈകിപ്പിച്ചാല്‍ വാട്ടര്‍ അഥോറിറ്റി ഓഫീസുകള്‍ സ്തംഭിപ്പിക്കും – യുഡിഎഫ്
ഇരിങ്ങാലക്കുട: മുരിയാട് – വേളൂക്കര കുടിവെള്ളപദ്ധതി പ്രവൃത്തികളുടെ ഭാഗമായി ഗതാഗതതടസമുണ്ടായ റോഡുകളുടെ മരാമത്ത് ജോലികള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ തുടക്കമായി. ജലജീവന്‍ മിഷന് പദ്ധതിക്കായി കുഴിയെടുക്കേണ്ടിവന്ന ഇരിങ്ങാലക്കുട നഗരസഭയിലെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെയും റോഡുകളിലെയും അറ്റകുറ്റപ്പണികളാണ് മുന്‍ഗണനാക്രമത്തില്‍ ആരംഭിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. ജനങ്ങള്‍ നേരിടുന്ന പ്രയാസം എത്രയും വേഗം പരിഹരിക്കാന്‍വേണ്ട നടപടികള്‍ക്കായി ഈ മാസം ഒന്‍പതിന് പൊതുമരാമത്ത്, കെഎസ്ടിപി, ജലഅഥോറിറ്റി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം മന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു.
റോഡുകളുടെ തകര്‍ച്ച തീര്‍ക്കുന്നത് എത്രയും വേഗത്തിലാക്കാന്വേണ്ട നിര്‍ദേശങ്ങള്‍ മന്ത്രി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. മന്ത്രിയുടെ ഇടപെടലുകളുടെയും യോഗതീരുമാനങ്ങളുടെയും തുടര്‍ച്ചയായി പൊതുമരാമത്ത് റോഡുകളിലും കെഎസ്ടിപി റോഡുകളിലും അറ്റകുറ്റപ്പണിക്കുള്ള തുക ജലഅഥോറിറ്റി അധികൃതര്‍ കെട്ടിവച്ചു. ഇതേത്തുടര്‍ന്ന് കെഎസ്ടിപിയുടെ കീഴിലുള്ള സംസ്ഥാന പാതയായ തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റോഡിലെ ക്രൈസ്റ്റ് കോളജ് ജംഗ്ഷനിലെ ബുദ്ധിമുട്ടിനു പരിഹാരമായിട്ടുള്ള മരാമത്തുജോലികള്‍ ഇന്നലെ ആരംഭിച്ചു.
പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള നടപടികളും പുരോഗമിക്കുന്നുണ്ടെന്നും എത്രയും വേഗം യാത്രികരുടെ പ്രയാസം പരിഹരിച്ചുകൊണ്ട് ഇവിടങ്ങളിലും മരാമത്ത് പ്രവൃത്തികള്‍ ആരംഭി ക്കുമെന്നും മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.
റോഡിലെ അറ്റകുറ്റപ്പണികള്‍ വൈകിപ്പിച്ചാല്‍
വാട്ടര്‍ അഥോറിറ്റി ഓഫീസുകള്‍ സ്തംഭിപ്പിക്കും-യുഡിഎഫ്
ഇരിങ്ങാലക്കുട: റോഡിലെ അറ്റകുറ്റപ്പണികള്‍ വൈകിച്ചാല്‍ വാട്ടര്‍ അഥോറിറ്റി ഓഫീസുകള്‍ സ്തംഭിപ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടിലെ കോളജ് ജംഗ്ഷനിലെ റോഡിന്റെ ശോച്യാവസ്ഥയില്‍ നാട്ടുകാരില്‍ നിന്നും ഏറെ പ്രതിഷേധം ഉടലെടുത്തിരുന്നു. നഗരത്തിലെ പല റോഡുകളുടെയും അവസ്ഥ വരെ ശോചനീയമാണ്. കുടിവെള്ളവിതരണത്തിനായി പൈപ്പിടുന്നതിനുവേണ്ടിയാണ് റോഡുകള്‍ വെട്ടിപ്പൊളിച്ചത്. എന്നാല്‍ ഇവ പൂര്വസ്ഥിതിയിലാക്കുവാനുള്ള തീവ്രശ്രമങ്ങള്‍ വാട്ടര്‍ അഥോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇവിടത്തെ കുഴികളില്‍ വീണ് അപകടങ്ങള്‍ സംഭവികകുന്നത് നിത്യസംഭവമായിട്ടുണ്ട്.
തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ താറുമാറായി കിടക്കുന്ന റോഡുകള്‍ സമയബന്ധിതമായി നന്നാക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായിരുന്നു. റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് വാട്ടര്‍ അഥോറിറ്റിയും കെഎസ്ടിപി അധികൃതരും കാരണക്കാരാണെന്നും ജനവികാരം മാനിക്കണമെന്നും ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ നടക്കുന്ന പ്രവൃത്തികളുടെ അറ്റകുറ്റപ്പണികള്‍ രണ്ടര മാസത്തിനകം തീര്‍ത്തുതരാമെന്ന് വാട്ടര്‍ അഥോറിറ്റിയില്‍ നിന്നും വാക്കാല്‍ ഉറപ്പുലഭിച്ചിട്ടുണ്ട്. നിരന്തരം വിളിച്ചിട്ടും കെഎസ്ടിപി അധികൃതര്‍ ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തതില്‍ കടുത്തപ്രതിഷേധം ഉണ്ടെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, കൗണ്‍സിലര്‍മാരായ ജെയ്സണ്‍ പാറേക്കാടന്‍, സിജു യോഹന്നാന്, ഫെനി എബിന്, ഒ.എസ്. അവിനാശ്, പി.ടി. ജോര്‍ജ്, ജസ്റ്റിന് ജോണ്‍, അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.