കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലനവകുപ്പ് വര്‍ണ്ണ വെറിയന്മാരുടെ തടവില്‍ കെപിഎംഎസ്
ആളൂര്‍: കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രം വര്ണ്ണവെറിയന്മാരുടെ തടവിലാണെന്ന് കെപിഎംഎസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു. ജില്ലാ നേതൃയോഗം ആളൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അജയഘോഷ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തോളമായി പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സംവരണത്തെ കുറിച്ചുള്ള പാഠ്യപദ്ധതി ഭരണഘടനാ വിരുദ്ധവും സംവരണ വിരുദ്ധവുമായ ആശയങ്ങളാണെന്നും സംവരണ സമുദായങ്ങളെ വര്‍ഗീയവാദികളും സാമൂഹ്യവിരുദ്ധമായി ചിത്രീകരിക്കുന്ന പാഠ്യ പദ്ധതി തയ്യാറാക്കിയ എസ്സിഇആര്ടിയുടെ തീരുമാനം അപലപനീയമാണ്. രാജ്യത്തിന്റെ നാളത്തെ ഉന്നത പൗരന്മാരായി വളര്‍ന്ന് വരേണ്ട വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രീതിയില്‍ ഇത്തരം പാഠ്യപദ്ധതികള്‍ ബോധപൂര്‍വം തിരുകിക്കയറ്റിയത് സര്‍ക്കാരിന്റെ സവര്‍ണ്ണ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെപിഎംഎസ് ആവശ്യപ്പെട്ടു. ഇത്തരം മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തുകൊണ്ട് മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ സെക്രട്ടറിയേറ്റിനു മുന്പില് സംഘടിപ്പിക്കുന്ന രാപ്പകല്‍ സമരം ശക്തമായ പ്രതിഷേധമാകുമെന്ന് കെപിഎംഎസ് ജില്ലാ നേതൃയോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. നേതാക്കളായ ശശി കൊരട്ടി, പി.സി. രഘു, കെ.പി. ശോഭന, ടി.കെ. സുബ്രന്, ഷാജു ഏത്താപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.