ഡിസിസി സന്ദര്‍ശിച്ച് നിയുക്ത എംഎല്‍എ പ്രഫ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: വീടുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്ത കോവിഡ് ബാധിതര്‍ക്കായി നഗരസഭയുടെ കീഴില്‍ ആരംഭിച്ച ഡൊമിസിലിയറി കെയര്‍ സെന്റര്‍ (ഡിസിസി) നിയുക്ത എംഎല്‍എ പ്രഫ. ആര്. ബിന്ദു സന്ദര്‍ശിച്ചു. നേരത്തെ കോവിഡ് കെയര്‍ സെന്ററായി പ്രവര്‍ത്തിച്ചിരുന്ന കാട്ടുങ്ങച്ചിറയിലുള്ള ഔവര്‍ ആശുപത്രി കെട്ടിടത്തിലാണു ഡിസിസി ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 32 കിടക്കളാണു സജീകരിച്ചിരിക്കുന്നതെന്നു ഡിസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ആരോഗ്യവിഭാഗം ജീവനക്കാര്‍ നിയുക്ത എംഎല്‍എയോടു വിശദീകരിച്ചു. വേണ്ടിവന്നാല്‍ 60 കിടക്കകള്‍ വരെ ഒരുക്കാന്‍ കഴിയുമെന്നും ഭക്ഷണാവശ്യങ്ങള്‍ക്കായി കാറ്ററിംഗ് സംഘത്തെയും കുടുംബശ്രീയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യവിഭാഗം വിശദീകരിച്ചു. പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. കെ.ബി. ബിനുവിനെ ഡിസിസിയുടെ നോഡല്‍ ഓഫീസറായും ആയുഷ് വകുപ്പിലെ രണ്ടു ഡോക്ടര്‍മാരെ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരായും നിയമിച്ചിട്ടുണ്ട്. വീട്ടു നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലെന്ന് അറിയിക്കുന്ന കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം റവന്യൂ വകുപ്പ് ഏറ്റെടുത്ത് നഗരസഭക്ക് കൈമാറിയിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍ സി.സി. ഷിബിന്‍ എന്നിവരും പ്രഫ. ആര്. ബിന്ദുവിനോടൊപ്പം ഉണ്ടായിരുന്നു.