ആരോഗ്യസഭ സെന്റ് ജോസഫ്സ് കോളജിലെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ഇരിങ്ങാലക്കുട: മുനിസിപ്പാലിറ്റിയുടെ കോവിഡ് പ്രതിരോധ സംരംഭമായ ആരോഗ്യസഭ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ഓട്ടണോമസ് കോളജിന്റെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 41 വാര്‍ഡുകളിലായി നടക്കുന്ന ബോധവത്കരണ ക്ലാസുകളില്‍ പതിനാലിലും സെന്റ് ജോസഫ്സ് കോളജിലെ അധ്യാപകരാണു നേതൃത്വം നല്‍കുന്നത്. മാത്രമല്ല, ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ ഇതേ കോളജിലെ 25 ഓളം അധ്യാപക അനധ്യാപകര്‍ സേവനം ചെയ്യുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും വര്‍ധിച്ചു വരുന്ന കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് തിരക്കിലായതുകൊണ്ടാണു ബോധവത്കരണ യജ്ഞം സന്നദ്ധരായ അധ്യാപകരെ ഏല്പിച്ചത്. ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിലെ ഡോ. ഉമാദേവി നല്കിയ ക്ലാസിനെ അധികരിച്ചാണു അധ്യാപകര്‍ ക്ലാസ് നയിക്കുന്നത്. മികച്ച പിന്തുണയുമായി ചെയര്‍പേഴ്സണ്‍ സോണിയഗിരി, സെക്രട്ടറി മുഹമ്മദ് അനസ്, നോഡല്‍ ഓഫീസര്‍മാരായ റെജി തോമസ്, പി.എ. സജീഷ് എന്നിവരും ഒപ്പം ഉണ്ട്. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ അങ്കണവാടി ടീച്ചര്മാര്, ആര്‍ആര്‍ടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരാണ് ക്ലാസുകളുടെ ഏകോപനം നടത്തുന്നത്. നാടിന്റെ അതിജീവന പോരാട്ടത്തില്‍ ഒപ്പം നില്ക്കാന് തങ്ങളെ കൊണ്ടാവുന്നതു പോലെ ശ്രമിക്കുകയാണെന്നു കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ തെരേസ് പറഞ്ഞു.